District News
കൊച്ചി: ദേശീയപാത 66ലെ ഇടപ്പള്ളി - മൂത്തകുന്നം സ്ട്രെച്ച് അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടറും സാങ്കേതിക വിഭാഗം ജനറല്‍ മാനേജരുമായ പി. പ്രദീപ് അവലോകന യോഗത്തിൽ അറിയിച്ചു.
ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് അനുഭവപ്പെടുന്ന മേഖലകളില്‍ അടിയന്തര പ്രാധാന്യത്തില്‍ ക്രോസ് കള്‍വര്‍ട്ടുകള്‍ നിര്‍മിക്കാനും വര്‍ഷകാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനും ഹൈബി ഈഡൻ എംപി നിര്‍ദേശം നല്കി. നേരത്തെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടായിരുന്ന പട്ടണം, കൂനമ്മാവ്, തൈക്കാവ് എന്നീ മൂന്നു ഭാഗങ്ങളില്‍ മൂന്ന് അടിപ്പാതകള്‍ കൂടി നിര്‍മിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടന്നും ഇതിനായി തയാറാക്കിയ പദ്ധതി രേഖയ്ക്ക് അംഗീകാരം ലഭിച്ചതോടെ മൂന്നിടങ്ങളിലെ അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ സ്ട്രെച്ചില്‍ പരമാവധി വേഗത്തില്‍ സര്‍വീസ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും 5.9 കിലോ മീറ്റര്‍ ദൂരത്തില്‍ സര്‍വീസ് റോഡുകള്‍ നിര്‍മിക്കാന്‍ അനുമതിയായിട്ടുണ്ടെന്നും പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ഫുട് ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മിക്കുന്നതിനായി വിവിധയിടങ്ങള്‍ പരിശോധിച്ചു വരികയണ്. അമൃത ആശുപത്രിക്ക് സമീപം എന്‍ട്രി എക്സിറ്റ് റാംപ് സൗകര്യം ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
18 ഇടത്ത് അഡീഷണല്‍ സ്പാന്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 26 കിലോമീറ്റര്‍ വരുന്ന ഈ ഭാഗത്ത് ആധുനികമായ തെരുവ് വിളക്കുകളും സിസി ടിവി കാമറകളും സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബസ് യാത്രികര്‍ക്ക് വേണ്ട 40 ഷെല്‍ട്ടറുകളും ഇരുവശത്തുമായി സ്ഥാപിക്കും.
ഇടപ്പള്ളി-അരൂര്‍ ആകാശപ്പാത: ഡിപിആര്‍ തയാറാക്കാന്‍ പുതിയ ഏജന്‍സി
ഇടപ്പള്ളി മുതല്‍ അരൂര്‍ വരെയുള്ള ആകാശപ്പാത നിര്‍മാണത്തിന് വിശദ പദ്ധതി രേഖ (ഡിപിആര്‍) തയാറാക്കുന്നതിനായി ചുമതലപ്പെടുത്തിയ ഏജന്‍സി തൃപ്തികരമായ പ്രവര്‍ത്തനം നടത്താത്തതിനാല്‍ ഇവരെ ഒഴിവാക്കാന്‍ തീരുമാനിച്ചതായി ദേശീയപാതാ അധികൃതര്‍ അറിയിച്ചു.
മെട്രോ ക്രോസ് ചെയ്യുന്ന ഇടങ്ങളിലും സുപ്രധാന ജംഗ്ഷനുകളിലും മറ്റും വേണ്ടത്ര സാങ്കേതിക മികവ് ഇവര്‍ തയാറാക്കിയ ഡിപിആറിനു ഇല്ലായിരുന്നു. ഈ സാഹചര്യത്തില്‍ ഡിപിആര്‍ തയാറാക്കാനായി പുതിയ ഏജന്‍സിയെ തെരഞ്ഞെടുക്കാനും അവരെ ചുമതലയേല്പ്പിക്കാനുമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാനും ദേശീയപാതാ അധികൃതര്‍ക്ക് എംപി നിര്‍ദേശം നല്കി.
ബൈപ്പാസ്;നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും
ദേശീയപാത 544ലെ അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ്/ എറണാകുളം ബൈപ്പാസുകള്‍ക്ക് വേണ്ട നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും യോഗത്തില്‍ ധാരണയായി. നേരത്തെ കുണ്ടന്നൂര്‍ ഭാഗത്ത് നിന്ന് ആരംഭിക്കാന്‍ ലക്ഷ്യമിട്ടിരുന്ന ഈ ബൈപ്പാസ് സമീപമുള്ള ജനവാസമേഖലയും മറ്റും പരിഗണിച്ച് (എറണാകുളത്ത് നിന്ന് ആലപ്പുഴ പോകുന്ന വഴിയിലെ) അരൂര്‍ പാലത്തിന് സമീപത്തു നിന്ന് ആരംഭിക്കുന്നതാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.
അതനുസരിച്ച് സാങ്കേതിക പഠനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അരൂര്‍ പാലത്തിന് സമീപത്തു നിന്ന് വെല്ലിംഗ്ടണ്‍ ഐലന്‍ഡിലേക്ക് പുതിയ ദേശീയപാതയും പരിഗണനയിലുണ്ട്. നേരത്തെ പ്രഖ്യാപിച്ചിരുന്ന നെട്ടൂര്‍ ജംഗ്ഷന് വികസനം ഇനി പുതിയ രീതിയിലേക്ക് മാറാനാണ് സാധ്യത എന്നതും യോഗത്തില്‍ വ്യക്തമായി.
കണ്ടെയ്നര്‍ റോഡിലെ തെരുവുവിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കും
കണ്ടെയ്നര്‍ റോഡില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനായി കെഎസ്ഇബി തയാറാക്കിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനുള്ള ഒരു കോടിയിലധികം രൂപ ചെലവ് വരുന്ന എസ്റ്റിമേറ്റ് പിന്‍വലിച്ച് 40 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാക്കി കെഎസ്ഇബി കുറവ് ചെയ്തിട്ടുണ്ട്. ഈ തുക അവര്‍ക്ക് നല്കാന് വേണ്ട ക്രമീകരണം ഏര്‍പ്പെടുത്തിയതായി ദേശീയപാതാ അധികൃതര്‍ പറഞ്ഞു. അധികം വൈകാതെ തെരുവുവിളക്കുകള്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുമെന്നും അവര്‍ അറിയിച്ചു.
District News
പറവൂർ: ദേശീയപാത 66ന്റെ ഭാഗമായി ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തുകളിലെ കുഞ്ഞിത്തൈ, മാച്ചാന്തുരുത്ത് ഭാഗങ്ങളെ നഗരപ്രദേശവുമായി ബന്ധിപ്പിക്കുന്ന മുനമ്പം കവലയിലെ അശാസ്ത്രീയമായ അടിപ്പാത ദുരിതമായി മാറിയിരിക്കുകയാണെന്ന് പ്രദേശവാസികൾ. പാലത്തിന് വേണ്ടത്ര ഉയരം നല്‍കാതെ തറനിരപ്പിൽ നിന്ന് രണ്ടടി താഴ്ചയിലാണ് അടിപ്പാത നിർമിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ വർഷം ആദ്യ മഴയിൽതന്നെ ഇവിടെ വെള്ളം കെട്ടിനിന്ന് കാൽനടയാത്ര പോലും സാധ്യമായിരുന്നില്ല. അന്നു പകുതി വീതിയിൽ കോൺക്രീറ്റിംഗ് നടത്തി താത്കാലിക പരിഹാരം കണ്ടെത്തുകയാണുണ്ടായത്.
സർവീസ് റോഡുകളും കാനയും പണിതീർന്നതിനെ തുടർന്ന് അടിപ്പാത മുഴുവനായി ടാറിംഗ് നടത്തിയിരുന്നു. ബസുകളുടെ മേൽഭാഗം മുട്ടാതെ കടന്നുപോകുന്നുണ്ടെങ്കിലും ഭാരം കയറ്റിയ ലോറികൾ കടന്നുപോകുന്പോൾ പാലത്തിൽ മുട്ടാനിടയുണ്ട്.അടിപ്പാതയുടെ ഇരുവശത്തും കാനകൾ നിർമിച്ചിട്ടും പാതയിൽ വെള്ളക്കെട്ടിനു കുറവില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.
National
ബംഗളൂരു: ഓടിക്കൊണ്ടിരുന്ന സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. കർണാടകയിലെ ഹാസനിലുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല. അപകട സമയത്ത് ബസിൽ 36 യാത്രക്കാരുണ്ടായിരുന്നു.
മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ശാന്തിഗ്രാം എന്ന സ്ഥലത്ത് എത്തിയപ്പോൾ പുക ഉയർന്നതോടെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. യാത്രക്കാർ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് പൂർണമായും കത്തി നശിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
District News
തൊടുപുഴ: ദേശീയപാത 85ല്‍ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള ഭാഗത്തെ റോഡ് വീതികൂട്ടല്‍ ജോലികള്‍ അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരേ ഡീന്‍ കുര്യാക്കോസ് എംപി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്ത്നല്‍കി. നേര്യമംഗലം മുതല്‍ പള്ളിവാസല്‍ വരെ 30 മീറ്റര്‍ വീതിയിലാണ് ദേശീയപാത സര്‍ക്കാര്‍ രേഖകളിലുള്ളത്. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയതുമാണ്.
എന്നാല്‍ വനം വകുപ്പും ചില സ്വകാര്യ വ്യക്തികളും ഉയര്‍ത്തിയ തടസം മൂലം നിര്‍മാണം പൂർണമായും നിലച്ചിരിക്കുകയാണ്. നിര്‍മാണം പുനരാരംഭിക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നടപടികള്‍ വൈകുന്നതില്‍ എംപി പ്രതിഷേധം അറിയിച്ചു.ചീഫ് സെക്രട്ടറി തലത്തില്‍ രൂപീകരിച്ച ഹൈലെവല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരാത്തതാണ് നിലവില്‍ വീതികൂട്ടല്‍ പ്രവൃത്തികള്‍ക്ക് തടസമായി നില്‍ക്കുന്നത്. അനാവശ്യമായി റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്ന് എംപി ചൂണ്ടിക്കാട്ടി.
നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെ കുഴികളും കിടങ്ങുകളുമായി റോഡ് അതീവ അപകടാവസ്ഥയിലാണ്. കാലവര്‍ഷം ആരംഭിക്കാനിരിക്കെ, നിലവിലെ സാഹചര്യം റോഡിന്റെ ഘടനാപരമായ നിലനില്‍പ്പിനെ ബാധിക്കുമെന്നും വലിയ തോതിലുള്ള മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും കത്തില്‍ പറയുന്നു. ഈ പ്രതിസന്ധികള്‍ കണക്കിലെടുത്ത് ചീഫ് സെക്രട്ടറി അടിയന്തരമായി ഇടപെട്ട് വീതിയെടുക്കല് പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.
Kerala
പാലോട്: തിരുവനന്തപുരം- ചെങ്കോട്ട സംസ്ഥാനപാതയിൽ കാർ തലകീഴായി മറിഞ്ഞു. ഇളവട്ടം ജംഗ്ഷൻ വില്ലേജ് ഓഫീസിന് സമീപം രാവിലെ ഒമ്പതോടെയാണ് അപകടം നടന്നത്.
വിമാനത്താവളത്തിൽ പോയി തിരികെ മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ വഴിയരികിലേക്ക് ഇടിച്ചുകയറി തലകീഴായി മറിയുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം.
നന്ദിയോട് ആലംപാറ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി.
National
ന്യൂഡൽഹി: യഥാർഥ സമയപരിധിയിൽ നിർമാണം പൂർത്തിയാക്കാതെ കാലതാമസം നേരിടുന്ന 14 ദേശീയപാതാ പദ്ധതികൾ കേരളത്തിലുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം രാജ്യസഭയെ അറിയിച്ചു.
2025-26 സാന്പത്തികവർഷം കേന്ദ്രസർക്കാർ 10,000 കിലോമീറ്റർ നീളത്തിൽ ദേശീയപാതാ നിർമാണം ലക്ഷ്യമിട്ടിട്ടുണ്ടെന്നും എന്നാൽ ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് 7,211 കിലോമീറ്റർ മാത്രമാണു നിർമിച്ചിട്ടുള്ളതെന്നും മന്ത്രാലയം സഭയിൽ സമർപ്പിച്ച കണക്കുകളിൽ വ്യക്തമാക്കി.
ഈ മാസം 31ന് സാന്പത്തികവർഷം അവസാനിക്കുമെന്നിരിക്കെ യഥാർഥ ലക്ഷ്യത്തിലെത്തണമെങ്കിൽ ഇനിയും 2789 കിലോമീറ്ററിന്റെ നിർമാണം പൂർത്തീകരിക്കണം എന്നതാണു കേന്ദ്രം നൽകുന്ന കണക്കുകളിൽ ചൂണ്ടിക്കാട്ടുന്നത്.
ഈ സാന്പത്തികവർഷമാകട്ടെ ദേശീയപാതാ നിർമാണത്തിന്റെ ശരാശരി വേഗം പ്രതിദിനം 21.5 കിലോമീറ്ററായി കുറഞ്ഞിട്ടുമുണ്ട്. 2024-25ൽ പ്രതിദിനം 29.21 കിലോമീറ്ററിൽ ശരാശരി നിർമാണം നടന്നിരുന്നുവെങ്കിൽ 2023-24ൽ ഇത് 33.83 കിലോമീറ്ററായിരുന്നു.
13,327 കിലോമീറ്റർ നിർമാണം നടത്തി 2020-21 സാന്പത്തികവർഷമാണ് ഏറ്റവും കൂടുതൽ ദേശീയപാതാ നിർമാണം നടന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്. ആ വർഷം പ്രതിദിനം ശരാശരി 33.83 കിലോമീറ്റർ നീളത്തിൽ നിർമാണപ്രവർത്തനങ്ങൾ നടന്നിരുന്നു.
അതേസമയം ഏറ്റവും കൂടുതൽ പദ്ധതികൾക്കു കാലതാമസം ഉണ്ടായിരിക്കുന്നത് ഭൂവിസ്തീർണം കൂടുതലുള്ള സംസ്ഥാനങ്ങളായ മഹാരാഷ്ട്ര (62), ആന്ധ്രാപ്രദേശ് (50), ഉത്തർപ്രദേശ് (48) എന്നിവിടങ്ങളിലാണ്.
Kerala
കോഴിക്കോട്: പ്രധാനമന്ത്രി ദേശീയപാത ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെയും മന്ത്രിയെയും ക്ഷണിക്കാതിരുന്നത് കേരളത്തെ അപമാനിക്കലാണെന്ന് മന്ത്രി പി. മുഹമ്മദ് റിയാസ്.
ഈ സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണ്. മന്ത്രി ആര് എന്നുള്ളതല്ല വിഷയം. ഇത്തരം പരിപാടിയില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കുക എന്നത് കേരളത്തിന്റെ അവകാശമാണ്. ദേശീയപാത ഉദ്ഘാടന ചടങ്ങുകള്‍ പരിശോധിച്ചാല്‍ എല്ലാക്കാലത്തും പൊതുമരാമത്ത് വകുപ്പ് മന്ത്രി പങ്കെടുക്കാറുണ്ട്. അത് സ്വാഭാവികമാണ്.
ബിജെപി പ്രസിഡന്റിനെ പരിപാടിയില്‍ ക്ഷണിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ കെപിസിസി പ്രസിഡന്റിനെയും സിപിഎമ്മിന്റെയും സിപിഐയുടെയും സംസ്ഥാന സെക്രട്ടറിമാരെയും മറ്റു രാഷ്ട്രീയപാര്‍ട്ടി നേതാക്കളെയും ക്ഷണിക്കേണ്ടതല്ലേ? ഈ രീതി ജനാധിപത്യത്തിന് ഗുണകരമാണോ എന്ന് ചിന്തിക്കണം.
ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതിലൂടെ ദേശീയപാത 66 യാഥാര്‍ഥ്യമാക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഒരു പങ്കുമില്ല എന്ന സ്ഥാപിക്കാനാണ് ശ്രമമെങ്കില്‍ അത് കേരളത്തിലെ ജനങ്ങള്‍ കൃത്യമായി മനസിലാക്കിയിട്ടുണ്ട്. -റിയാസ് പറഞ്ഞു.
Kerala
കാസര്‍ഗോഡ്: പൊതുമരാമത്ത് വകുപ്പിനെ അവഗണിച്ച് ദേശീയപാത ഉദ്ഘാടനം ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരേ പ്രതിഷേധവുമായി സമാന്തര ഉദ്ഘാടനപരിപാടി നടത്തി പ്രതിഷേധിച്ച് സിപിഎം.
തലപ്പാടി- ചെങ്കള ദേശീയപാതയിലെ നുള്ളിപ്പാടിയില്‍ സി.എച്ച്. കുഞ്ഞമ്പു എംഎല്‍എ നാടമുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. കൊച്ചിയിലെ ചടങ്ങില്‍നിന്ന് ഒന്നരമണിക്കൂര്‍ നേരത്തേ യാണ് കാസര്‍ഗോഡ് ദേശീയപാത ഉദ്ഘാടനം ചെയ്തത്.
ബിജെപിയുടെ നാലാള് ചേര്‍ന്ന് ഉദ്ഘാടനം ചെയ്യേണ്ട പദ്ധതിയല്ല ദേശീയപാതയെന്ന് എംഎല്‍എ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഏറെ ബുദ്ധിമുട്ടി പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടാണ് ദേശീയപാത നിര്‍മിച്ചത്. 6,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിനു നല്‍കിയത്.
പൊതുമരാമത്ത് മന്ത്രിയെ ക്ഷണിക്കാത്ത ജനാധിപത്യ മര്യാദയുടെ ലംഘനത്തിന് കേരളം മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: ദേശീയപാത തലപ്പാടി - ചെങ്കള ആറുവരിപ്പാത, വെങ്ങളം - രാമനാട്ടുകര ബൈപാസ് നവീകരണം എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമ്പോൾ വേദിയിൽ പ്രദർശിപ്പിച്ച ശിലാഫലകത്തിന്റെ ചിത്രത്തിലെ പേരുകളിൽ മന്ത്രി മുഹമ്മദ് റിയാസും.
ചടങ്ങിലേക്ക് മന്ത്രിയെ ക്ഷണിച്ചില്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും പരിപാടി ബഹിഷ്കരിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി തുടങ്ങിയവരുടെയും പേരുകൾ ശിലാഫലകചിത്രത്തിൽ ഉണ്ടായിരുന്നു.
Kerala
കൊച്ചി : ദേശീയപാത ഉദ്ഘടാന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും മന്ത്രിമാരെയും ക്ഷണിക്കാത്തിനെ തുടര്‍ന്ന് സമാന്തര ഉദ്ഘാടനവുമായി മുന്നോട്ടു പോകാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കോഴി ക്കോട് രാമനാട്ടുകരയില്‍ നിന്നും മന്ത്രി മുഹമ്മദ് റിയാസിന്റെ റോഡ് ഷോ ആരംഭിക്കും. കാസര്‍കോട് സി.എച്ച് കുഞ്ഞമ്പും വെങ്ങളത്ത് റിയാസും ഉദ്ഘടാനം ചെയ്യാനാണ് തീരുമാനം. രാമനാട്ടുകര മുതല്‍ വെങ്ങളം വരെ റിയാസ് റോഡ് ഷോ നടത്തും.
പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിലേക്ക് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഈ നീക്കം. ഇത് കേരളത്തെ അപമാനിക്കുന്ന നടപടിയാണെന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസ്, എം.ബി. രാജേഷ് എന്നിവര്‍ പ്രതികരിച്ചിരുന്നു. ദേശീയപാത വികസനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ ജനങ്ങള്‍ക്ക് അറിയാമെന്നും, ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയുണ്ടോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും മന്ത്രി വ്യക്തമാക്കി.
ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ നിന്ന് സംസ്ഥാന മന്ത്രിയെ ഒഴിവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് സര്‍ക്കാര്‍ ഈ സമാന്തര പരിപാടി സംഘടിപ്പിക്കുന്നത്.
Kerala
ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ ദേശീയപാതാ പുനർനിർമാണ വിഭാഗം സേഫ്റ്റി ഓഫീസറെ അസഭ്യം പറയുകയും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ കഞ്ഞിക്കുഴി സ്വദേശി അറസ്റ്റിൽ. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ തന്നാട്ട് വീട്ടിൽ ടി.ജി. സുരേഷ് കുമാർ
(49) ആണ് അറസ്റ്റിലായത്. മാരാരിക്കുളം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മാർച്ച് ഒൻപതിന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. എൻഎച്ച് സേഫ്റ്റി ഓഫീസറും സഹപ്രവർത്തകരും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തതിനാണ് സുരേഷ് കുമാറിനെതിരെ ആദ്യം കേസെടുത്തത്.
തുടർന്ന് അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഇയാൾ പോലീസുകാരെ അസഭ്യം പറയുകയും കൈവിലങ്ങു കൊണ്ട് ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. ഇതോടെ പോലീസിനെ ആക്രമിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു.
മാരാരിക്കുളം സബ് ഇൻസ്പെക്ടർമാരായ എം.ആനന്ദ് , ടി. സുനിൽകുമാർ , സിവിൽ പൊലീസ് ഓഫീസര്‍ സുരേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: ദേശീയപാത 66ലെ തലപ്പാടി-ചെങ്കള-വെങ്ങളം-രാമനാട്ടുകര ആറുവരി പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനുമടക്കമുള്ളവരെ ചടങ്ങിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് മന്ത്രിമാരായ എം.ബി. രാജേഷും കെ. കൃഷ്ണൻകുട്ടിയും അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ 10,800 കോടിയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് ദേശീയപാതയുടെ ആദ്യ റീച്ചിന്റെ ഉദ്ഘാടനവും നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം.
ദേശീയപാത 66 ലെ തലപ്പാടി - ചെങ്കള ഭാഗത്തെ ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം - രാമനാട്ടുകര ആറുവരി പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം മറ്റു പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നുണ്ട്.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ പണം നൽകിയത് സംസ്ഥാന സർക്കാരാണ്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും വരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും റിയാസ് പറഞ്ഞു.
Kerala
തൃശൂർ: ചുമതലയേറ്റ് ഒന്നര വർഷത്തിനുള്ളിൽ കളക്ടർ അർജുൻ പാണ്ഡ്യനെ സ്ഥലംമാറ്റിയതിനു പിന്നിൽ ദേശീയപാതയുമായി ബന്ധപ്പെട്ട കർക്കശ നിലപാടുകളിലെ അതൃപ്തിയെന്നു സൂചന.
ടോൾപിരിവ് വിഷയത്തിൽ ചീഫ് സെക്രട്ടറിയുടെ നിർദേശങ്ങൾ പാലിക്കാൻ വിസമ്മതിച്ച് കർശന നിലപാടുകൾ എടുത്തതാണ് അടിയന്തര സ്ഥലംമാറ്റത്തിനു പിന്നിലെന്നാണു വിവരം. ദേശീയപാതയ്ക്കുവേണ്ടി മണ്ണെടുപ്പു നടത്തുന്നതിലെ അപാകതയെത്തുടർന്ന് സ്റ്റോപ്പ് മെമ്മോ നൽകിയതും അതൃപ്തിക്കു കാരണമായി ആരോപിക്കുന്നുണ്ട്.
മികച്ച കളക്ടർക്കും കളക്ടറേറ്റിനുമുള്ള സംസ്ഥാന പുരസ്കാരങ്ങൾ ഏറ്റുവാങ്ങി തിളങ്ങിനിൽക്കുന്പോഴാണ് അദ്ദേഹത്തെ കാസർഗോട്ടേക്കു സ്ഥലംമാറ്റിയത്. റവന്യുവകുപ്പിലെ ഉന്നതർപോലും അറിയാതെയാണ് ഉത്തരവിറങ്ങിയതെന്നും സൂചനയുണ്ട്.
കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ ചർച്ചയായതു പാലിയേക്കര ടോൾപ്ലാസയിലെ പ്രശ്നങ്ങളും ദേശീയപാതയിൽ അടിപ്പാത നിർമാണങ്ങൾ നടക്കുന്നതിനാലുള്ള യാത്രാദുരിതവുമായിരുന്നു. വൻ ഗതാഗതതടസങ്ങൾ പതിവായതോടെ ടോൾ നിർത്തിവയ്ക്കുന്നതടക്കം ഹൈക്കോടതിയുടെ ഉത്തരവിനു പിന്നിൽ കളക്ടറുടെ ശക്തമായ റിപ്പോർട്ടുകൾക്കു പങ്കുണ്ട്. അടിപ്പാത നിർമാണസ്ഥലങ്ങളിലെ യാത്രാദുരിതവും ഗതാഗതക്കുരുക്കും പരിഹരിക്കാതെ ടോൾപിരിവ് പാടില്ലെന്നു കളക്ടർ ഉത്തരവിട്ടത് ദേശീയപാതാ അഥോറിട്ടിക്കും കരാർ കന്പനിക്കും തിരിച്ചടിയായിരുന്നു. ഇതു പിൻവലിക്കാൻ ഉന്നതങ്ങളിൽനിന്നു വൻ സമ്മർദമുണ്ടായി.തുടർന്ന് ദേശീയപാത അഥോറിറ്റി നൽകിയ ഉറപ്പിലാണു പിൻവലിച്ചത്. സുരക്ഷാ പ്രശ്നങ്ങൾ, സർവീസ് റോഡുകളുടെ പ്രശ്നങ്ങൾ എന്നിവയും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിപ്പോർട്ടുകളും സമർപ്പിച്ചു. കളക്ടറുടെ ഇടപെടലുകളെ ഹൈക്കോടതി അഭിനന്ദിച്ചിരുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടയങ്ങൾ നൽകിയതു തൃശൂരിലാണ്. ഇതിനു റവന്യുവകുപ്പിനു സഹായം നൽകിയതിൽ അർജുൻ പാണ്ഡ്യൻ മുന്നിലുണ്ടായിരുന്നു. തൃശൂർ പൂരം, സംസ്ഥാന സ്കൂൾ കലോത്സവം എന്നിങ്ങനെ നിരവധി പരിപാടികളും അദ്ദേഹം വിജയകരമായി ഏറ്റെടുത്തു.
വ്യക്തിപരമായി താത്പര്യമെടുത്ത് സിവിൽ സ്റ്റേഷനിൽ മെഡിക്കൽ സെന്റർ, കളക്ടറേറ്റിലെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനുള്ള പിജിആർ സെന്റർ, കൂടെ, മീറ്റ് ദ കളക്ടർ, കനവ്, ഗെറ്റ് സെറ്റ് തൃശൂർ, ഗെറ്റ് സെറ്റ് സിവിൽ സ്റ്റേഷൻ, എക്സ്പ്ലോർ തൃശൂർ, സ്വിം ഫോർ ലൈഫ്, സ്മാർട്ട് അങ്കണവാടി, വാ വായിക്കാം, പാരന്റ് അപ്പ്, തിരികെ പദ്ധതി, ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം എന്നിവയും അർജുൻ പാണ്ഡ്യന്റെ കാലയളവിൽ നടപ്പാക്കി.
District News
പേരൂര്‍ക്കട: ഒരാഴ്ചയ്ക്കിടെ രണ്ടു സംഭവങ്ങള്‍ ഉണ്ടായതോടെ യാത്രക്കാരുടെ പേടിസ്വപ്നവുമായി കരമന ദേശീയ പാത. സിഗ്നല്പോയിന്റ് പിന്നിട്ട് തിരുവനന്തപുരത്തേക്കു വരുന്ന റോഡിലെ വളവാണ് യാത്രക്കാരുടെ അപകടക്കെണിയായി മാറിയിരിക്കുന്നത്.
ഫെബ്രുവരി 20ന് 14-കാരന് ഓടിച്ച കാര്‍ നിയന്ത്രണംവിട്ട് വലിയൊരു കുഴിയിലേക്ക് തലകീഴായി മറിഞ്ഞിരുന്നു. ആണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഫുട്പാത്തിലേക്കു കയറിയശേഷമാണ് അപകടത്തില്‍പ്പെട്ടത്. ഇവിടെനിന്നു കഷ്ടിച്ച് 25 മീറ്റര്‍ മാറിയാണ് വീണ്ടുമൊരു അപകടമുണ്ടായിരിക്കുന്നത്.
നെയ്യാറ്റിന്‍കര സ്വദേശികളായ സജിന്‍, പ്രണവ്, ഒറീസ സ്വദേശി ബിനയപ്രഥാന് എന്നിവ രാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംതെറ്റി ഫുട്പാത്തിനു സമീപത്തെ മൈല്‍ക്കുറ്റിയില്‍ ഇടിക്കുകയായിരുന്നു. സിഗ്നല്പോയിന്റ് പിന്നിട്ട് വരുമ്പോഴുള്ള കൊടുംവളവാണ് അപകടത്തിന് ഇടയാക്കുന്നത്.
ഈ ഭാഗത്ത് അപകട സൂചനാ ബോര്‍ഡുകളോ റിഫ്ളക്ടറുകളോ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കയറുന്നതിനുവേണ്ടി റോഡില്‍ നിന്ന് കോണ്‍ക്രീറ്റ് ചെയ്ത് ഫുട്പാത്തിലേക്ക് പാതയൊരുക്കിയിട്ടുണ്ട്. ഇതുവഴിയാണ് വാഹനങ്ങള്‍ നിയന്ത്രണംതെറ്റി കയറി മറിയുന്നത്. തുടര്‍ച്ചയായുണ്ടായ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് കരമന പോലീസ് പറയുന്നു.
District News
കായംകുളം: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന നിർമാണത്തിനിടെ കുടിവെള്ള പൈപ്പുലൈൻ പൊട്ടി വലി യ അളവിൽ ജലം പാഴാകുമ്പോഴും അറ്റകുറ്റപ്പണി നടത്താൻ നടപടിയില്ല . കൊടുംവേനലിൽ നാടാകെ ശുദ്ധജലക്ഷാമം രൂക്ഷമാകുന്പോഴാണ് ദേശീയപാതയിൽ കുടിവെള്ളം പാഴാകുന്നത്.
നിർമാണത്തിനിടെ പൈപ്പുലൈൻ പൊട്ടിയാൽ അറ്റകുറ്റപ്പണി നടത്തേണ്ടത് നിർമാണക്കരാർ കമ്പനിയാണ്. എന്നാൽ അവരിത് കണ്ടഭാവമില്ല . കായംകുളം കുന്നത്താലുംമൂട് അടിപ്പാതയ്ക്കും കൃഷ്ണപുരത്തിനും ഇടയിൽ രണ്ട് സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി നാളുകളായി കുടിവെളളം പാഴായിക്കൊണ്ടിരിക്കുന്നത്.
ആറുവരിപ്പാതയുടെ കിഴക്കേ അറ്റത്ത് സർവീസ് റോഡിനെ വേർതിരിക്കുന്ന കോൺക്രീറ്റ് ഭിത്തിയോടു ചേർന്ന ഭാഗത്തുനിന്നാണ് വെള്ളം പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. സർവീസ് റോഡിലൂടെ വെള്ളം ഒഴുകുന്നതുമൂലം റോഡിലെ ടാർ ഇളകി കുഴികൾ രൂപപ്പെട്ടുതുടങ്ങിയിട്ടുണ്ട് .
നിർമാണക്കരാർ കമ്പനിക്കാർ ഈ ഭാഗത്ത് പൊട്ടിയ പൈപ്പുലൈൻ ശരിയാക്കാതെ ആറുവരി അതിവേഗപാതയിൽ ടാറിംഗ് പ്രവൃത്തികളുമായി മുന്നോട്ടുപോകുകയാണ് .
നിർമാണ പ്രവൃത്തികൾ പരിശോധിക്കാനെത്തുന്ന ദേശീയപാത അഥാറിറ്റി ഉദ്യോഗസ്ഥരും ഇത് കണ്ടില്ലെന്നു നടിക്കുകയാണ്. ദേശീയപാതയുടെ സമീപ പ്രദേശങ്ങളിൽ പലയിടങ്ങളിലും കുടിവെളളക്ഷാമം രൂക്ഷമാണ്.
പൊട്ടിയ പൈപ്പുലൈനുകളിൽ ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
കൊല്ലം: കേരളത്തിലെ ദേശീയപാത 66 ല്‍ മണ്ണുകൊണ്ട് നിര്‍മിച്ച (എര്‍ത്ത് റിട്ടെയ്നിംഗ് വാള്) ഉയരപ്പാതകളില്‍ 40 ശതമാനത്തോളം പില്ലറില്‍ തീര്‍ത്ത ഉയരപ്പാതകളാക്കി മാറ്റാനുളള നടപടികള്‍ പുരോഗമിച്ചു വരുന്നതായി എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.
ന്യൂഡല്‍ഹിയില്‍ ദേശീയപാത അഥോറിറ്റി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്. മണ്ണില്‍ നിര്‍മ്മിച്ച ഉയരപ്പാതകളുടെ ഉയരവും നിര്‍മ്മാണ സ്ഥലത്തെ മണ്ണിന്റെയും ഭൂഘടനയുടെയും സ്വഭാവവും ഗുണനിലവാരവും വിലയിരുത്തിയുളള ശാസ്ത്രീയമായ പരിശോധനയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തില്‍ ഏതൊക്കെ ഉയരപ്പാതകളാണ് പുനര്‍നിര്‍മ്മിക്കേണ്ടതെന്ന് തീരുമാനമെടുക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു. 40ശതമാനം വരുന്ന മണ്ണ് കൊണ്ട് നിർമിച്ച ഉയരപ്പാതകള്‍ പില്ലറില്‍ തീര്‍ത്ത പാതകളായി മാറ്റുവാന്‍ ഏകദേശം 3500 കോടി രൂപയുടെ അധികചെലവാണ് കണക്കാക്കിയിരിക്കുന്നത്.
കൊല്ലം കൊട്ടിയം മൈലക്കാടിന് സമീപം മണ്ണില്‍ തീര്‍ത്ത ഉയരപ്പാത തകര്‍ന്നതിനെ തുടര്‍ന്ന് പകരം പില്ലറില്‍ തീര്‍ത്ത ഉയരപ്പാത നിര്‍മ്മിക്കണമെന്ന് കേന്ദ്ര ദേശീയപതാ ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയോട് ആവശ്യപ്പെടുകയും വിഷയം ലോകസഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
ലോകസഭയില്‍ മന്ത്രി നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മണ്ണില്‍ തീര്‍ത്ത ഉയരപ്പാതകള്‍ക്ക് പകരം പില്ലറില്‍ തീര്‍ത്ത ഉയരപ്പാതകള്‍ നിര്‍മ്മിക്കുന്നതിനുളള പരിശോധനയും പഠനവും തുടര്‍ നടപടികളും ആരംഭിച്ചത്. കൊല്ലം ലോക്സഭാ മണ്ഡലത്തിലെ ഭൂപ്രകൃതിയുടേയും മണ്ണിന്റേയും സ്വഭാവവും ഗുണനിലവാരവും ഇത്തരത്തിലുളള നിര്‍മ്മാണത്തിന് അനുയോജ്യമല്ലായെന്നുളളതും മൈലക്കാട്ടെ പാത തകര്‍ന്നതിലൂടെ തെളിഞ്ഞിരിക്കുകയാണ്.
മണ്ണുകൊണ്ട് നിര്‍മ്മിച്ച ഉയരപ്പാതകള്‍ പൂര്‍ണ്ണമായും പില്ലറില്‍ തീര്‍ത്ത ഉയരപ്പാതകളായി മാറ്റണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു.
District News
തൊടുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ നേര്യമംഗലം മുതല്‍ വാളറ വരെയുള്ള 13.5 കിലോമീറ്റര്‍ ഭാഗത്തെ നിര്‍മാണപ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് 14ന് അടിമാലിയില്‍ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന് പൂര്‍ണപിന്തുണ നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി അറിയിച്ചു. പാതയ്ക്ക് ആവശ്യത്തിന് വീതി ഉറപ്പാക്കി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനുള്ള അവസരം സര്‍ക്കാര്‍ പാഴാക്കിയതായും എംപി പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ അവസാനമായി ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവനുസരിച്ച് സര്‍ക്കാര്‍ തെറ്റുതിരുത്തി നല്കിയ സത്യവാങ്മൂലത്തില്‍ ബോധ്യപ്പെടുത്തിയിട്ടുള്ള 30 മീറ്റര്‍ വീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാമായിരുന്നു. സ്വകാര്യവ്യക്തി പ്രസ്തുത മേഖല വനമാണെന്ന് അവകാശപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ അതിനനകൂലമായി ചീഫ് സെക്രട്ടറി കഴിഞ്ഞ മാര്‍ച്ചില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതാണ് പദ്ധതി അട്ടിമറിക്കപ്പെടാന്‍ കാരണമായത്.
1938ല്‍ ഈ ഭാഗം റോഡായി നിശ്ചയിച്ചത് 30 മീറ്റര്‍ വീതിയിലായിരുന്നു. 1996-ല്‍ പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയ രേഖയിലും ഇതു സാധൂകരിക്കുന്നു. ഈ യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ച് ചീഫ് സെക്രട്ടറി അന്ന് ഹര്‍ജിക്കാരനൊപ്പം ചേര്‍ന്ന് പദ്ധതി മരവിപ്പിക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു.
2025 ജൂലൈയില്‍ പാതയുടെ നിര്‍മാണം തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെത്തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഒക്ടോബറിലെ ഉത്തരവനുസരിച്ച് സര്‍ക്കാരിന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിക്കുമായിരുന്നു. ജില്ലാ കളക്ടറോടും മറ്റ് ഉദ്യോഗസ്ഥരോടും പ്രദേശത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് രേഖകള്‍ സഹിതം റിപ്പോര്‍ട്ട് നല്കാന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.
1938ല്‍ രാജഭരണകാലത്ത് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതും 1996ല്‍ സര്‍ക്കാര്‍തന്നെ ഉത്തരവ് പുറപ്പെടുവിച്ചതും കഴിഞ്ഞ നാളുകളില്‍ ഹൈക്കോടതിയില്‍ ഈ നടപടി ശരിവച്ച് നല്കിയ സത്യവാങ്മൂലത്തിനു യാതൊരു പ്രസക്തിയുമില്ലാത്ത തരത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നും എംപി കുറ്റപ്പെടുത്തി.
Kerala
കൽപ്പറ്റ: ദേശീയപാത 766ല്‍ തുടരുന്ന രാത്രിയാത്രാവിലക്കിനു പരിഹാരമായി ബന്ദിപ്പുർ വനഭാഗത്ത് തുരങ്കപാത നിര്‍മിക്കുന്നതിനു സാധ്യത പഠിക്കാന്‍ കേന്ദ്ര ഗതാഗത, റെയില്‍വേ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സംയുക്ത വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചു.
പ്രിയങ്ക ഗാന്ധി എംപിയെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി കത്ത് മുഖേന അറിയിച്ചതാണ് വിവരം. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സെന്‍ട്രല്‍ റോഡ് ഇന്ഫ്രാസ്ട്രചര് ഫണ്ടില്‍നിന്ന്(സിആര്‍ഐഎഫ്)105 കോടി രൂപയുടെ നാല് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതായും എംപിയെ കേന്ദ്രമന്ത്രി അറിയിച്ചു.
ദേശീയപാതയിലെ രാത്രിയാത്ര നിരോധനം, റോഡ് വിഷയങ്ങള്‍ ഉള്‍പ്പെടുത്തി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ഒക്ടോബര്‍ 11ന് കേന്ദ്ര മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഡിസംബര്‍ 19ന് എംപി നേരില്‍ക്കണ്ടപ്പോള്‍ കത്തിലെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നല്‍കിയിരന്നു. രാഹുൽ ഗാന്ധി വയനാട് എംപിയായിരുന്നപ്പോഴാണ് ബന്ദിപ്പുർ വനഭാഗത്തെ രാത്രിയാത്രാ നിരോധനം മറികടക്കാന്‍ തുരങ്ക പാത നിര്‍മിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ടുവച്ചത്.
കോഴിക്കോട് ജില്ലയിലെ നാലാംവളവ്-അടിവാരം-നൂറാംതോട്(10 കിലോമീറ്റര്‍, 26 കോടി രൂപ), ഫാത്തിമ എസ്റ്റേറ്റ്-തോട്ടുമുക്കം-പള്ളിത്താഴെ-തേക്കിന്‍ചുവട്-പത്തനാപുരം(14 കിലോമീറ്റര്‍, 30 കോടി) മണാശേരി മുത്താലം-മുത്തേരി- കല്ലുരുട്ടി-ഓമശേരി-തിരുവമ്പാടി(11.350 കിലോമീറ്റര്‍, 23 കോടി), വയനാട്ടിലെ ബത്തേരി-കാരക്കണ്ടി- വടക്കനാട്-വള്ളുവാടി-ഓടപ്പള്ളം(12.5 കിലോമീറ്റര്‍, 26 കോടി)റോഡുകള്‍ക്കാണ് സിആര്‍ഐഎഫ് സ്കീമില്‍ അംഗീകാരം.
താമരശേരി ചുരത്തില്‍ നിരന്തരം മണ്ണിടിച്ചില്‍ ഉണ്ടാകുന്നത് തടയുന്നതിന് നടപ്പാക്കേണ്ട ഹ്രസ്വ, ദീര്‍ഘകാല പ്രവൃത്തികള്‍ സംബന്ധിച്ച് സംസ്ഥാന പൊതു മാരാമത് വകുപ്പിന് കേന്ദ്ര മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചുരത്തിലെ ആറ്, ഏഴ്. ഹെയര്‍പിന്‍ വളവുകള്‍ വികസിപ്പിക്കുന്നതിനു കരാര്‍ നല്കി.
2027 ഫെബ്രുവരിയില്‍ പണി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. ചുരം ബൈപാസിനു വിശദ പദ്ധതി രേഖ തയാറാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദേശീയപാത അഥോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളും എംപിയെ കേന്ദ്ര മന്ത്രി അറിയിച്ചു.
Kerala
പാലക്കാട്: ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പിൽ എംപി കോടതി വിധിച്ച ശിക്ഷ പൂർത്തിയാക്കി. പാലക്കാട് ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ഉത്തരവിട്ടത്.
വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച് നടത്തിയ ദേശീയപാത ഉപരോധത്തിൽ എടുത്ത കേസിലാണ് ഷാഫിയെ കോടതി ശിക്ഷിച്ചത്. 2022 ജൂൺ 24ന് കസബ പോലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കേസിൽ ഒമ്പതാം പ്രതിയായ മുൻ കോൺഗ്രസ് നേതാവ് പി.സരിൻ ഇതിനോടകം കോടതിയിൽ ഹാജരായി 500 രൂപ പിഴ അടച്ചിരുന്നു.
Kerala
പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപിക്ക് പിഴയും തടവും വിധിച്ച് കോടതി. 1000 രൂപ പിഴയും കോടതി പിരിയും വരെയുള്ള തടവുമാണ് വിധിച്ചിരിക്കുന്നത്. വൈകുന്നേരം അഞ്ച് വരെ ഷാഫി കോടതിയിൽ തുടരണം.
പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷാഫിക്ക് ശിക്ഷ വിധിച്ചത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.
കേസിൽ ഷാഫി ഇന്ന് കോടതിയിൽ ഹാജരായിരുന്നു. നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ചത്.
അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു.
Kerala
പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപി ഇന്ന് കോടതിയിൽ ഹാജരാകും. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാവുക.
നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ചത്.
അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു.
District News
കൊച്ചി: നോര്‍ത്ത് പരവൂര്‍ പെരുമ്പടന്ന ദേശീയ പാതയില്‍ യൂടേണ്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തി സ്വദേശി കെ.വി രാധാകൃഷ്ണന്. ദേശീയപാത 66ന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വീസ് റോഡില്‍ പറവൂര്‍ പാലത്തിന്റെ തെക്കു ഭാഗത്ത് യൂ ടേണ്‍ അനുവദിക്കാതെ അടച്ചു കെട്ടിയതിനെതിരെ നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.
മനുഷ്യാവകാശ കമ്മീഷനിൽ പരാതി
വാഹനങ്ങള്‍ ഇരു ഭാഗത്തേക്കും തിരിഞ്ഞു പോകാന്‍ നിര്‍ദിഷ്ട സ്ഥലത്ത് യു ടേണ്‍ അനുവദിക്കുമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടറും ഡെപ്യൂട്ടി കളക്ടറും ഉറപ്പു നല്‍കിയിരുന്നെങ്കിലും അതു നടന്നില്ല. ഇതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ക്കു തിരിഞ്ഞു പോകാനാകാത്ത സ്ഥിതിയും ഗതാഗതക്കുരുക്കുമാണ്. പെരുമ്പടന്നയിലെ അശാസ്ത്രീയ നിര്‍മാണം സംബന്ധിച്ച പരാതി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
എന്നാല്‍, ഇതില്‍ കാര്യമായ പുരോഗതിയൊന്നും ഇല്ലാതെ വന്നതോടെയാണ് മനുഷ്യവകാശ കമ്മീഷനെ സമീപിച്ചതെന്നു കെ.വി രാധാകൃഷ്ണന് ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചു. പെരുമ്പടന്ന വഴിയാണ് ദേശീയപാത കടന്നു പോകുന്നത്. പക്ഷേ, പറവൂര്‍ ഭാഗത്തിന് തെക്കുവശത്തുള്ള സര്‍വീസ് റോഡുകള്‍ വന്നു നില്ക്കുന്നതു പുഴയില്‍ അവസാനിക്കുന്ന രീതിയിലാണ്. എറണാകുളം ഭാഗത്തുനിന്നു വരുന്ന വണ്ടികളും കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നു വരുന്ന വണ്ടികളും സര്‍വീസ് റോഡിലേക്ക് ഇറങ്ങിയാല്‍ തിരിഞ്ഞു വരാനും കേറാനും ഇറങ്ങാനുള്ള സാഹചര്യം അതിലൂടെ മാത്രമേയുള്ളു.
District News
ചെങ്ങന്നൂർ: കൊല്ലം-തേനി ദേശീയപാത (എൻഎച്ച് 183) വികസനത്തിന്റെ ഭാഗമായി ചെങ്ങന്നൂർ ആഞ്ഞിലിമൂട് മുതൽ കോട്ടയം വരെയുള്ള ഭാഗത്ത് ഗ്രീൻഫീൽഡ് ഹൈവേ സാധ്യതകൾ പരിശോധിക്കാൻ നിർദേശം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
നിലവിലുള്ള റോഡ് വികസിപ്പിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള വലിയ തോതിലുള്ള ഭൂമി ഏറ്റെടുക്കലും ജനവാസമേഖലകളിലെ ആഘാതവും കണക്കിലെടുത്താണ് ഈ പുതിയ നിർദേശം.
നിലവിലുള്ള പാത വികസിപ്പിക്കുന്നതിനു പകരം ജനജീവിതത്തെയും കൃഷിയിടങ്ങളെയും കുറഞ്ഞ രീതിയിൽ മാത്രം ബാധിക്കുന്ന -ഗ്രീൻഫീൽഡ് - സാധ്യതകൾ കൂടി പഠനവിധേയമാക്കാൻ എംപി ആവശ്യപ്പെട്ടു.
ഇക്കാര്യം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും ദേശീയപാതാ അധികൃതരെയും എംപി നേരിട്ട് അറിയിച്ചിട്ടുണ്ട്. നിലവിലെ റോഡ് വികസനവും ഗ്രീൻഫീൽഡ് ഹൈവേയും താരതമ്യം ചെയ്ത ശേഷം മാത്രമേ അന്തിമ രൂപരേഖ തയാറാക്കൂ.
എന്നാൽ, 2025 ജൂൺ 4ന് മുഖ്യമന്ത്രി നൽകിയ ഔദ്യോഗിക പ്രൊപ്പോസൽ പ്രകാരം നിലവിലുള്ള റോഡ് തന്നെ എത്രയും വേഗം വികസിപ്പിക്കണം എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇതാണ് നിലവിൽ പാത വികസനത്തിന് മുൻഗണന ലഭിക്കാൻ കാരണമെന്നും എംപി കുറ്റപ്പെടുത്തി.
മധ്യകേരളത്തിന്റെ വികസനത്തിന് ഈ പാത അനിവാര്യമാണ്. എന്നാൽ, വികസനത്തിന്റെ പേരിൽ സാധാരണക്കാരുടെ സ്വത്തും വാസസ്ഥലങ്ങളും അനാവശ്യമായി നഷ്ടപ്പെടരുത്. നീതിയുക്തമായ പരിഹാരത്തിനായി കേന്ദ്രത്തിൽ തുടർച്ചയായ ഇടപെടൽ നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
ഡിപിആർ നടപടികൾ ആരംഭിച്ചു.
ദേശീയപാത 183 നാലുവരിപ്പാതയാക്കുന്നതിന്റെ ഭാഗമായി വിശദമായ പദ്ധതി രേഖ തയാറാക്കാൻ കൺസൾട്ടന്റ് കമ്പനികളെ കണ്ടെത്താനുള്ള നടപടികൾ ദേശീയപാതാ അഥോറിറ്റി ആരംഭിച്ചിട്ടുണ്ട്. സാങ്കേതികവും സാമൂഹികവുമായ ആഘാത പഠനങ്ങൾക്കുശേഷം മാത്രമേ പാതയുടെ അന്തിമ അലൈൻമെന്റ് നിശ്ചയിക്കുകയുള്ളൂ.
വാണിജ്യ-കാർഷിക-വിനോദസഞ്ചാര മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള പദ്ധതിയായതിനാൽ, ജനങ്ങളുടെ ആശങ്കകൾ പരിഹരിച്ചുകൊണ്ടുള്ള വികസനത്തിനാണ് മുൻഗണന നൽകുന്നതെന്ന് എംപി പറഞ്ഞു.
District News
കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി നഗരത്തിനും ചെങ്ങോട്ടുകാവിനും ഇടയിൽ അടുത്തിടെ ചെയ്ത റീ ടാറിംഗ് പലയിടത്തും തകർന്നത് യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ഒരാഴ്ച മുമ്പാണ് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി റീ ടാറിംഗ് നടത്തിയത്.
ഈ ഭാഗത്താണ് ടാറിംഗ് ഇളകി പോയിരിക്കുന്നത്. ഈ ഭാഗത്തെ അപാകത പരിഹരിച്ച് ടാറിംഗ് വീണ്ടും നടത്തണമെന്നും റോഡ് തകർന്നതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. നന്തിയ്ക്കും ചെങ്ങോട്ടുകാവിനും ഇടയിൽ റീ ടാറിംഗ് നടത്തിയിട്ട് കാലങ്ങളായി.
നിലവിലുളള ദേശീയപാത വീതി കൂട്ടുകയോ, റീ ടാറിംഗ് നടത്തുകയോ ചെയ്തിട്ട് വർഷങ്ങളായി. പരാതി ഉയർന്നതോടെയാണ് റോഡ് നവീകരണം നടത്തിയത്. കുഴിയടയ്ക്കല്‍ കാരണം റോഡ് ഉയര്‍ന്നും താഴ്ന്നുമാണുള്ളത്.
Kerala
തിരുവനന്തപുരം: കേരളത്തില്‍ ദേശീയ പാത നിർമാണത്തില്‍ പൂർത്തിയാകാനുള്ള മേല്പാലങ്ങള് ഇനി തൂണുകളില്‍ നിർമിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നിലവിലുള്ള സംരക്ഷണ ഭിത്തി മോഡലിന് പകരമായാണ് തൂണുകളില്‍ മേല്പാലങ്ങള് പണിയുന്നത്.
കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയ്ക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പലയിടത്തും നിർമാണത്തിൽ അപാകതയുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനം. കേരളത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി സർവീസ് റോഡുകൾക്ക് സമീപമുള്ള മതിലുകൾ ഇടിഞ്ഞുവീഴുന്ന പ്രശ്നമുണ്ടായിരുന്നു.
ഇത് വലിയതോതിലുള്ള ഗതാഗത തടസവും സമീപത്ത് താമസിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടും ഉണ്ടാകുന്ന സാഹചര്യത്തിലാണ് ആർഇ വാളുകൾക്ക് പകരം പില്ലറുകളിൽ മേൽപ്പാലങ്ങൾ നിർമിക്കാൻ തീരുമാനിച്ചത്.
Kerala
കൊച്ചി/ആലപ്പുഴ: അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ ഒരു മാസത്തേക്കു ഗതാഗത നിയന്ത്രണം. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അരൂര്‍ ക്ഷേത്ര കവല മുതല്‍ വടക്കോട്ടുള്ള തൂണുകള്‍ക്കു മുകളില്‍ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.
തോപ്പുംപടി-അരൂര്‍ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ ബൈപാസ് കവലയില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അരൂര്‍-കുമ്പളം പാലം വഴി ഇറങ്ങി പോകണം. വൈറ്റിലയില്‍നിന്നു ഇടക്കൊച്ചിയിലേക്ക് പോകുന്ന വാഹനങ്ങള്‍ ബൈപാസ് കവലയുടെ തെക്ക് ഭാഗത്തുനിന്നു യു ടേണ്‍ തിരിഞ്ഞു പോകണം.
അതേസമയം, 35 ഗര്‍ഡറുകളാണ് പില്ലര്‍ നമ്പര്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള ഇനി സ്ഥാപിക്കാനുള്ളത്. നിലവില്‍ മണിക്കൂറുകളോളം നീളുന്ന ഗതാഗത കുരുക്കാണ് ദേശീയപാതയിലുള്ളത്. ഹൈവേ പോലീസിന്റെയും അരൂര്‍, കുത്തിയതോട് പോലീസിന്റെയും മേല്‍നോട്ടത്തിലാണ് ഗതാഗത നിയന്ത്രണം.
ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ ബൈപാസ് കവലയിൽ അരൂർ, കുത്തിയതോട് പോലീസിന്റെയും ഹൈവേ പോലീസിന്റെയും മേൽനോട്ടത്തിലാണ് ഗതാഗത നിയന്ത്രണം. ഇതിനായി രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ രണ്ടു ഷിഫ്റ്റുകളിലായി 12 ഹോംഗാർഡുകളെയും ഉയരപ്പാത നിർമാണ കമ്പനി വിവിധയിടങ്ങളിലായി 15 മാർഷൽമാരെയും നിയമിച്ചിട്ടുണ്ട്.
ഇതുകൂടാതെ ഗർഡറുകൾ സ്ഥാപിക്കുന്ന സമയങ്ങളിൽ ഹൈവേ പോലീസിന്റെയും അരൂർ പോലീസിന്റെയും സാന്നിധ്യത്തിലാണ് സുരക്ഷാസംവിധാനം ഏർപ്പെടുത്തുന്നത്.
District News
കൊരട്ടി: ദേശീയപാത 544 കോട്ടമുറിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയും തുടർന്ന് തല ഡിവൈഡറിൽ അടിച്ചുവീണ് യുവാവിന് ദാരുണാന്ത്യം.
കോട്ടയം വൈക്കം സ്വദേശി കുലശേരമംഗലം വിനീഷ് ഭവനിൽ വിനീഷ് (45) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.45 നാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ യുവാവ് തൽക്ഷണം മരിച്ചു. മുരിങ്ങൂർ കോട്ടമുറിയിലെ മേക്കർ റെസ്റ്റോറന്റിലെ ജീവനക്കാരനാണ്. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം.
കൊരട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരി ച്ചു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി സ്വദേശത്തേക്ക് കൊണ്ടുപോയി. ഭാര്യ: സിമി. മകൾ: വിസ്മയ.
National
ന്യൂഡൽഹി: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 72 ദേശീയപാത പദ്ധതികളിൽ തകർച്ച റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിനാണ് രാജ്യത്തുടനീളമുള്ള ഹൈവേ സ്ട്രെച്ചുകളിൽ റിപ്പോർട്ട് ചെയ്ത തകർച്ചകളുടെയും ഗുരുതരമായ അപര്യാപ്തതകളുടെയും കണക്ക് ഗതാഗതമന്ത്രി സമർപ്പിച്ചത്.
20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 2020 മുതൽ 2025 വരെയുള്ള തകർച്ചകളുടെയും അവയ്ക്കെതിരേ കേന്ദ്രം സമർപ്പിച്ച നടപടികളും ഗതാഗതമന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ദേശീയപാതാ നിർവഹണ ഏജൻസികളുടെ കണക്കുകൾപ്രകാരം മഹാരാഷ്ട്രയ്ക്കും രാജസ്ഥാനും ശേഷം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏറ്റവും കൂടുതൽ തകർച്ചകളും അപര്യാപ്തതകളും റിപ്പോർട്ട് ചെയ്തതു കേരളത്തിലാണ്.
മഹാരാഷ്ട്രയിൽ 16 സ്ട്രെച്ചുകളും രാജസ്ഥാനിൽ പത്ത് സ്ട്രെച്ചുകളിലും തകർച്ച റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിൽ 2020 മുതൽ 9 ദേശീയപാത പദ്ധതികളിലാണ് തകർച്ച റിപ്പോർട്ട് ചെയ്തത്. ഭൂമിവിസ്തൃതിയിൽ മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ പിന്നിലാണെങ്കിലും കേരളത്തിന്റെ ഇരട്ടി വലിപ്പമുള്ള സംസ്ഥാനങ്ങളേക്കാൾ തകർച്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ അഞ്ചു വർഷത്തിനിടെ ഒന്‍പത് ദേശീയപാത സ്ട്രെച്ചുകളിൽ തകർച്ച റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ എട്ടു സ്ട്രെച്ചുകളിലും ഈ വർഷമാണ് തകർച്ച സംഭവിച്ചതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
അരൂർ മുതൽ തുറവൂർ തെക്ക് വരെയുള്ള എൻഎച്ച് 66 ഭാഗത്തിന്റെ നിലവിലുള്ള നാലുവരി റോഡിന്റെ വികസനത്തോടൊപ്പമുള്ള എലിവേറ്റഡ് കോറിഡോർ പദ്ധതി, എൻഎച്ച് 966എയിൽ കളമശേരി മുതൽ വല്ലാർപാടം വരെയുള്ള വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിലേക്കുള്ള എൻഎച്ച് കണക്ടിവിറ്റി പദ്ധതി, കൊടുങ്ങല്ലൂർ മുതൽ ഇടപ്പള്ളി വരെയുള്ള എൻഎച്ച് 66 പദ്ധതി, എൻഎച്ച് 66ന്റെ ഭാഗമായ ചെങ്കള-നീലേശ്വരം പദ്ധതി, എൻഎച്ച് 66ന്റെ നീലേശ്വരം-തളിപ്പറന്പ് സെക്ഷൻ പദ്ധതി, എൻഎച്ച് 66ന്റെ വളാഞ്ചേരി ബൈപാസ് മുതൽ കാപ്പിരിക്കാട് സെക്ഷൻ വരെയുള്ള ആറുവരി പാത പദ്ധതി, തുറവൂർ-പറവൂർ പദ്ധതി, എൻഎച്ച് 66ലെ കൊല്ലം ബൈപാസ് മുതൽ കടംന്പട്ടുകോണം വരെയുള്ള ആറുവരി പാത പദ്ധതി എന്നിവിടങ്ങളിലാണ് ഈ വർഷം തകർച്ച സംഭവിച്ചിട്ടുള്ളതെന്ന് കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
എൻഎച്ച് 66ന്റെ ഭാഗമായ ചെങ്കള-നീലേശ്വരം പദ്ധതിയിൽ 2022ലും ദേശീയപാത തകർച്ച ഉണ്ടായിട്ടുള്ളതായും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. തലശേരി-മാഹി ബൈപാസ് പദ്ധതിയുടെ ഭാഗമായുണ്ടായിരുന്ന പാലം 2020ൽ തകർന്നുവീണ സംഭവവും കേന്ദ്രത്തിന്റെ റിപ്പോർട്ടിലുണ്ട്.
Kerala
കൊല്ലം: കൊട്ടിയത്ത് ഉൾപ്പടെയുണ്ടായ ദേശീയ പാത തകർച്ചയെ തുടർന്ന് കേരളത്തിലാകെ സുരക്ഷാ പരിശോധനയുമായി ദേശീയപാത അതോറിറ്റി. മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓഡിറ്റ് നടത്താനാണ് തീരുമാനം.
378 സ്ഥലങ്ങളിലാണ് പരിശോധന നടത്തുക. ആദ്യ ഘട്ടത്തിൽ 100 സ്പോട്ടുകളിലായിരിക്കും പരിശോധന നടത്തുന്നത്. ഇതിനായി 20 ഏജൻസികളെ ചുമതലപ്പെടുത്തിയെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.
മൂന്ന് മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കും. ഇവിടയെല്ലാം ഡിസൈനുകൾ പുനപരിശോധിക്കുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
കൊട്ടിയം, കൂരിയാട് മാതൃകയിൽ സംരക്ഷണ ഭിത്തികൾ പണിത സ്ഥലങ്ങളിലായിരിക്കും പരിശോധന നടത്തുക. പരിശോധന പൂർത്തിയായ ശേഷമായിരിക്കും അന്തിമ അനുമതി നൽകുകയെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
Kerala
തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ദേശീയപാത നിർമാണം നടക്കുന്നതെങ്കിൽ സംസ്ഥാന സർക്കാരിനും ഇടപെടാൻ നിയമങ്ങൾ ഏറെയുണ്ട്. കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാന സർക്കാരും നിയമങ്ങൾ പ്രയോഗിക്കാതിരുന്നതാണ് സംസ്ഥാനത്തു സുരക്ഷിതത്വമില്ലാതെ ദേശീയപാത നിർമിക്കുന്നതിനെ തുടർന്ന് അടിക്കടി അപകടങ്ങൾ ഉണ്ടാകാൻ കാരണമാകുന്നത്.
കളക്ടർമാർക്കും പോലീസിനും തൊഴിൽ വകുപ്പിനും ദേശീയപാത വിഭാഗത്തിനും മലിനീകരണ നിയന്ത്രണ ബോർഡിനും അടക്കം നിർമാണത്തിലെ അപാകതകളും സുരക്ഷിതത്വമില്ലായ്മയും പൊടിശല്യവും തടയാൻ നിയമത്തിൽ ഒട്ടേറെ വ്യവസ്ഥകളുണ്ട്. നിർമാണ സൈറ്റുകളിലെ സുരക്ഷ ഉറപ്പാക്കാൻ 1996ലെ ബിസിഒഡബ്ല്യു നിയമപ്രകാരം തൊഴിൽ വകുപ്പിനും ദേശീയപാതയുടെ സുരക്ഷയ്ക്ക് കേരള ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ജില്ലാ കളക്ടർമാർക്കും പൊതുമരാമത്ത് വകുപ്പിനും ഇടപെടാനാകും.പ്രകൃതിദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ ദുരന്ത നിവാരണ നിയമം-2005 പ്രകാരം കളക്ടർ അധ്യക്ഷനായ ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിക്കും ഇടപെടാനാകും.
നിർമാണം നടക്കുന്പോഴും സുരക്ഷിതമായ ഗതാഗത സൗകര്യം ഒരുക്കേണ്ടതുണ്ടെന്നാണ് വിവിധ സുപ്രീംകോടതി വിധികൾ വ്യക്തമാക്കുന്നത്. ഇതിന്റെ നഗ്നമായ ലംഘനമാണ് കൊല്ലം കൊട്ടിയത്തെ ദേശീയപാത നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടുന്നത്. നാട്ടുകാർ പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥ തലത്തിൽ സുരക്ഷ പരിശോധിക്കാൻ തയാറാകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരേയും കേസ് അടക്കമുള്ള നിയമ നടപടി സ്വീകരിക്കാൻ പോലീസിനു കഴിയും.
ദേശീയപാത കേന്ദ്ര പട്ടികയിലാണ് ഉൾപ്പെടുത്തിയതെങ്കിലും പൊതു ക്രമം (പബ്ലിക് ഓർഡർ), പോലീസ്, റോഡ് സുരക്ഷാ നടപ്പാക്കൽ എന്നിവയെല്ലാം സംസ്ഥാനത്തിന്റെ ചുമതലയിലാണ് വിഭാവനം ചെയ്യുന്നത്.
ഭാരതീയ ന്യായ സംഹിത പ്രകാരം അശ്രദ്ധമൂലമുണ്ടാകുന്ന മരണം, ജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികൾ, പൊതുവഴിയിൽ അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കരാറുകാർക്കും എൻജിനീയർമാർക്കും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരേ എഫ്ഐആർ ഇട്ട് പോലീസിന് കേസെടുക്കാം. അസ്ഥിരമായ മണ്‍തിട്ടകൾ, വേലികെട്ടാത്ത കുഴികൾ, വെളിച്ചമില്ലാത്ത വഴിതിരിച്ചുവിടലുകൾ തുടങ്ങിയ അപകട സാഹചര്യങ്ങളിൽ ജില്ലാ/സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് ഉത്തരവിടാനാകും.
അപകടങ്ങൾ ഒഴിവാക്കാനും ജീവനും സ്വത്തിനും സംരക്ഷണം നൽകാനും റോഡ് സുരക്ഷ ഉറപ്പാക്കാനും പോലീസിനുള്ള കടമകളും നിയമത്തിൽ പറയുന്നുണ്ട്.എന്നാൽ, കേരളത്തിലെ പോലീസ് ഹെൽമറ്റും സീറ്റ് ബെൽറ്റും പിടിച്ച് സംസ്ഥാന സർക്കാരിന് പൈസ ഉണ്ടാക്കാനുള്ള നടപടി മാത്രമാണ് സ്വീകരിക്കുന്നതെന്ന വിമർശനവും സംസ്ഥാനത്തു വ്യാപകമാണ്.
സുരക്ഷിതമല്ലാത്ത പാതകളിൽ ഗതാഗതം നിയന്ത്രിക്കേണ്ടതും ബാരിക്കേഡുകളും സൈനേജുകളും ലൈറ്റിംഗ് തുടങ്ങിയവ നിർബന്ധമാക്കേണ്ടതും പോലീസിന്റെ അധികാര പരിധിയിൽ വരുന്നവയാണ്. ഇതോടൊപ്പം കേരള റോഡ് സുരക്ഷാ അഥോറിറ്റി ആക്ട് അനുസരിച്ച് സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും ഇവിടെ സംസ്ഥാന സർക്കാരും സ്വീകരിച്ചിട്ടില്ലെന്നതു വ്യക്തമാണ്.
Kerala
കൽപ്പറ്റ: കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്ന സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ദേശീയപാതയുടെ അവകാശവാദം ഉന്നയിച്ചത് സംസ്ഥാന സർക്കാരാണ്.
തകർന്നു വീഴുമ്പോൾ തള്ളിപ്പറഞ്ഞാൽ പോരെന്നും ദേശീയപാതയുടെ സുരക്ഷയിൽ വലിയ ആശങ്കയുണ്ട്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാറിനെയും വാസുവിനെയും സിപിഎം ഭയക്കുന്നുണ്ട്. അതിനാലാണ് അവർക്കെതിരെ നടപടി എടുക്കാത്തത്.
പാർട്ടി നടപടി സ്വീകരിച്ചാൽ പത്മകുമാറും വാസുവും സത്യം വെളിപ്പെടുത്തും. ഇത് ഒഴിവാക്കാനാണ് ഇരുവരെയും പാർട്ടി സംരക്ഷിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
National
ന്യൂഡൽഹി: കൊട്ടിയത്ത് നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. കരാറുകാരായ ശിവാലയ കൺസ്ട്രക്ഷൻസ്, എൻജിനീയറിംഗ് ചുമതലയുള്ള ഫീഡ് ബാക്ക് ഇൻഫ്ര, സത്ര സർവീസസ് എന്നിവരെ ഒരു മാസത്തേക്ക് ടെൻഡറിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി.
മുപ്പത് മീറ്ററോളം ഉയരത്തിലുള്ള പാത ഇടിഞ്ഞു താഴ്ന്നത് ഗുരുതര വീഴ്ചയാണെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി. മണ്ണ് പരിശോധനയിലും അടിസ്ഥാനം തയാറാക്കുന്നതിലും വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കാൺപൂർ ഐഐടിയിലെ ജിമ്മി തോമസ്, പാലക്കാട് ഐഐടിയിലെ ടി.കെ.സുധീഷ് എന്നിവർ ദേശീയപാത തകർന്ന സ്ഥലം സന്ദർശിച്ചിരുന്നു.
തുടർന്ന് ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കരാർ കമ്പനിയുടെ പ്രോജക്ട് മാനേജർ, എൻജിനീയറിംഗ് കമ്പനിയുടെ റസിഡന്റ് എൻജിനീയർ എന്നിവരെ പ്രദേശത്തെ ചുമതലയിൽ നിന്ന് മാറ്റിയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
കരിമ്പട്ടികയിൽ പെടുത്താതിരിക്കാനും നഷ്ടപരിഹാരം ഈടാക്കാതിരിക്കാനും കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാൻ കമ്പനികൾക്ക് നോട്ടീസും നൽകി. വെള്ളിയാഴ്ച കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വാഹന യാത്രക്കാർ രക്ഷപ്പെട്ടത്.
Kerala
കൊല്ലം: കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻഎച്ച്എഐ അധികൃതരിൽ നിന്ന് വിശദീകരണം തേടും. സംഭവത്തിൽ കളക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും.
ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു.
വെള്ളിയാഴ്ച കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വാഹനയാത്രക്കാർ രക്ഷപ്പെട്ടത്. ദേശീയപാത നിർമാണത്തിലെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും വീഴ്ചയില്ലെന്നായിരുന്നു ദേശീയപാത അഥോറിറ്റിയുടെ മറുപടി.
Kerala
തിരുവനന്തപുരം: ഇന്ത്യയിൽ തന്നെ ഏറ്റവും നിലവാരം കുറഞ്ഞ ദേശീയപാത നിർമാണമാണ് കേരളത്തിൽ നടക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തിൽ നിർമിക്കുന്നത് ദേശീയപാതയല്ല അഴിമതി പാതയാണെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യത്തിന് മണ്ണ് പരിശോധന പോലും നടത്താതെ, മര്യാദയ്ക്ക് ഒരു ഡിപിആർ പോലും തയാറാക്കാതെയാണ് ഈ പ്രഹസനം കേരളത്തിൽ നടക്കുന്നത്. സമയത്തിന് പണി തീർക്കാതെ നിർമാണ കമ്പനികൾക്ക് സമയം നീട്ടി കൊടുക്കലും മുറയ്ക്ക് നടക്കുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഈ പണിയിൽ ഗുണനിലവാരം ഉറപ്പാക്കാൻ യാതൊരു ശ്രമവും സംസ്ഥാന സർക്കാർ നടത്തുന്നില്ല. പണ്ട് റീൽ ഇടാൻ വേണ്ടി മാത്രം ദേശീയപാതയിൽ പോയിക്കൊണ്ടിരുന്ന മന്ത്രി റിയാസിനെ ഇപ്പോൾ അതിനു പോലും കാണാനില്ല.
കേരളത്തിൽ ആർക്കും ഒന്നിനും ഉത്തരവാദിത്വമില്ലാത്ത അവസ്ഥയാണ്. ഭരണം അവസാനിക്കുന്നതിനു മുമ്പ് പരമാവധി മുക്കുക എന്നതും മാത്രമാണ് ഭരണാധിപരുടെ ലക്ഷ്യം. ദേശീയപാത നിർമാണത്തിൽ മിനിമം നിലവാരം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം. കേരളത്തിലെ റോഡുകളിൽ സേഫ്റ്റി ഓഡിറ്റ് നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: കൊല്ലം കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നുവീണ സംഭവത്തിൽ പ്രതികരണവുമായി കെ.സി.വേണുഗോപാൽ എംപി. ദേശീയപാത അഥോറിറ്റിയുടെ കുറ്റകരമായ അനാസ്ഥയാണ് അപകടത്തിന് കാരണം.
ദേശീയപാത അഥോറിറ്റി മറുപടി പറയണം. ദേശീയപാത നിർമാണത്തിന് പിന്നിൽ വൻ അഴിമതിയാണ്. ഇത് മറച്ചുവെക്കാൻ സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണ്. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും ആക്ഷൻ ടേക്കൻ റിപ്പോർട്ട് ആവശ്യപ്പെടുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
കേരളത്തിലെ റോഡുകളിൽ സേഫ്റ്റി ഓഡിറ്റ് നടത്തണം. ഇത്തരത്തിലുള്ള പരാതികൾ ഉയർന്നുവരുന്നുണ്ട്. പ്രധാന നിർമാണ ജോലികൾ നടക്കുന്ന ഇടങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥരില്ല. എല്ലാം കരാറുകാർക്ക് വിട്ടു കൊടുത്തിരിക്കുകയാണ്.
കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥർ ദേശീയപാത നിർമാണം നിരീക്ഷിക്കണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു
Kerala
കൊട്ടിയം: കൊല്ലം മൈലക്കാടും ദേശീയപാതയുടെ ഉയരപ്പാത ഇടിഞ്ഞു വീണു. ദേശീയപാതയുടെ പാര്‍ശ്വഭിത്തിയാണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു. മൈലക്കാട് പാലത്തിനു സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു.
ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. നൂറു മീറ്ററിലേറെ നീളത്തിലാണ് ഉയരപ്പാത തകർന്നത്. പത്ത് മീറ്ററിലധികം ഉയരത്തിലാണ് ഈ ഭാഗത്ത് ദേശീയപാതയുടെ പ്രധാന റോഡ് നിർമിക്കുന്നത്. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടം സംഭവിച്ചത്.
അപകടം സംഭവിക്കുമ്പോൾ സർവീസ് റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്നു പൊയ്ക്കാണ്ടിരിക്കുകയായിരുന്നു.ഒരു സ്കൂൾ ബസും രണ്ടു കാറുകളും അപകടത്തിൽപ്പെട്ടു. ആർക്കും കാര്യമായ പരിക്കുകൾ ഇല്ല.
റോഡ് തകർന്നു സർവീസ് റോഡിൽ വലിയ കുഴികൾ ഉണ്ടായി. ഈ കുഴികളിലാണ് സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വീണത്. സ്കൂൾ ബസ് പെട്ടെന്ന് ബ്രേക്കിട്ട് നിർത്തി കുട്ടികളെ ഞൊടിയിടയിൽ പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. കുഴിയിൽപ്പെട്ട വാഹനങ്ങളിലെ യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
കൊട്ടിയത്തുനിന്നും ചാത്തന്നൂരിലേയ്ക്കുള്ള വഴിയിൽ മൈലക്കാട് ഇറക്കത്താണ് അപകടം. മൈലക്കാട് ഇറക്കം ജില്ലയിലെ തന്നെ വലിയ കയറ്റിറക്കമാണ്. ഈ കയറ്റിറക്കം ഒഴിവാക്കി റോഡ് നിരപ്പാക്കാനാണ് ഉയരപ്പാത നിർമിക്കുന്നത്. ഏലായുടെ മധ്യത്തിലൂടെയാണ് ദേശീയ പാതയും ഉയരപ്പാതയും കടന്നുപോകുന്നത്.
District News
ഹരിപ്പാട്: ദേശീയപാതയിലെ ഹരിപ്പാട് ഗവ. ആശുപത്രി ജംഗ്ഷനിലെ കൊടുംവളവില്‍ വീണ്ടും അപകടം. കഴിഞ്ഞ ഞായറാഴ്ച രാത്രി ഇവിടെയുണ്ടായ വാഹനാപകടത്തില്‍ താമല്ലാക്കല്‍ സ്വദേശികളായ ശ്രീനാഥ്, ഗോകുല്‍ എന്നിവര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. റോഡിന്റെ അസാധാരണമായ മിനുസവും മുന്നറിയിപ്പ് ബോര്‍ഡുകളുടെ കുറവും കാരണം ഈ പ്രദേശം ഒരു അപകടക്കെണിയായി മാറിയിരിക്കുകയാണ്.
വേഗത്തില്‍വന്ന ബസും
മിനുസമേറിയ റോഡും
ഗുരുവായൂരില്‍നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് ഇവര്‍ സഞ്ചരിച്ച ബൈക്കിലിടിച്ചാണ് അപകടം സംഭവിച്ചത്. നല്ല വേഗത്തിലായിരുന്ന ബസ് വളവ് തിരിയുന്നതിനിടെ റോഡിന്റെ മധ്യഭാഗത്തേക്കു കയറിയാണ് വന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
അതേസമയം, വണ്‍വേ കടന്നുവന്ന ബൈക്കും റോഡിന്റെ മധ്യഭാഗത്തിനടുത്തായിരുന്നു. ഇരുവരും തത്ക്ഷണം മരിച്ചു. റോഡിന്റെ ഉപരിതലത്തിലുള്ള അമിതമായ മിനുസം കാരണം വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് തിരിച്ചാല്‍ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്. അപകടം കണ്ടവര്‍ പറയുന്നത്, ബസ് അല്പം വേഗം കുറച്ചിരുന്നെങ്കില്‍ ഈ ചെറുപ്പക്കാര്‍ രക്ഷപ്പെടുമായിരുന്നു എന്നാണ്.
പഴയ റോഡ്,
അപകടങ്ങള്‍ നിത്യസംഭവം
മൂന്നുവര്‍ഷം മുന്‍പ് ദേശീയപാത പുനര്നിര്മിച്ചപ്പോഴും ഈ ഭാഗത്ത് തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടായിരുന്നു. നങ്ങ്യാര്കുളങ്ങരയ്ക്കും താമല്ലാക്കലിനും മധ്യേ ആറുമാസത്തിനിടെ നാല്‍പ്പതോളം അപകടങ്ങളുണ്ടായതിനെത്തുര്ന്ന് റോഡിലെ മിനുസം മാറ്റാനായി ടാറിംഗ് കുത്തിയിളക്കി മെറ്റല്‍പ്പൊടി വിതറി വീണ്ടും ടാര്‍ ചെയ്തിരുന്നു.
ആറുവരിപ്പാതയുടെ നിര്‍മാണം നടക്കുന്നതിനാല്‍ മിക്കയിടത്തും പഴയ റോഡ് പൊളിച്ചുമാറ്റിയെങ്കിലും ഗവ. ആശുപത്രി ജംഗ്ഷന് മുതല്‍ താമല്ലാക്കല്‍ വരെയുള്ള ഭാഗത്ത് ഇപ്പോഴും ഉപയോഗിക്കുന്നത് ഈ പഴയ പ്രശ്നങ്ങളുള്ള റോഡാണ്.
അപകടസൂചനകള്‍
അവഗണിക്കപ്പെടുന്നു
അപകടമുണ്ടായ സ്ഥലത്ത് റോഡ് തെന്നുന്നതാണ് എന്ന മുന്നറിയിപ്പ് ബോര്‍ഡ് ഉണ്ടെങ്കിലും, ഇത് റോഡിന്റെ ഇടതുവശത്ത് തീരെച്ചെറിയ രൂപത്തില്‍, ആലപ്പുഴ ഭാഗത്തേക്കു പോകുന്ന യാത്രക്കാര്‍ക്ക് മാത്രം കാണാവുന്ന വിധത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഹരിപ്പാട്ടേക്ക് വരുന്നവര്‍ക്ക് അപകടസൂചന നല്കാന് ബോര്‍ഡുകളില്ല.
കരാറുകാരുടെ വീഴ്ച
ദേശീയപാത നിര്‍മാണ സ്ഥലങ്ങളില്‍ വലിയ അപകടസൂചന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് കളക്ടര്‍ പലപ്രാവശ്യം നിര്‍ദേശം നല്‍കിയിട്ടും പേരി് ബര്ഡുകള് സ്ഥാപിച്ചശേഷം സ്ഥലം വിടുന്നരീതിയാണ കരാറുകാര്‍ പിന്തുടരുന്നത്.
വെളിച്ചമില്ല, വഴിയുമില്ല;
രാത്രിയാത്ര ദുരിതം
ദേശീയപാത നിര്‍മാണം നടക്കുന്ന മിക്കയിടത്തും വഴിവിളക്കുകളില്ല. റോഡുപണി തുടങ്ങിയപ്പോള്‍ പഴയ വിളക്കുകള്‍ അഴിച്ചുമാറ്റിയതാണ്. കരാറുകാര്‍ താത്കാലികമായി ലൈറ്റുകള്‍ സ്ഥാപിക്കേണ്ടതുണ്ടെങ്കിലും അപകടം ഉണ്ടാകുമ്പോള്‍ മാത്രം കുറച്ചുദിവസം വെളിച്ചം സ്ഥാപിക്കുകയാണ് പതിവ്. കൂടാതെ, ഗതാഗതത്തെ വഴിതിരിച്ചുവിടുന്ന കാര്യത്തിലും വ്യക്തമായ ധാരണകളില്ലാത്തത് പ്രശ്നമുണ്ടാക്കുന്നു. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപം വഴിതെറ്റി ലോറി റോഡരികില്‍ കൂട്ടിയിട്ട മണ്ണിലേക്ക് ഇടിച്ചുകയറിയ സംഭവം ഇതിന് തെളിവാണ്.
റോഡിന്റെ ഘടനാപരമായ പ്രശ്നങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളിലെ അലംഭാവവുമാണ് ഈ പ്രദേശത്തെ തുടര്‍ച്ചയായ അപകടങ്ങള്‍ക്കു കാരണം. അടിയന്തരമായി ശാശ്വതപരിഹാരം കണ്ടില്ലെങ്കില്‍ കൂടുതല്‍ ജീവനുകള്‍ ഇവിടെ പൊലിയാനുള്ള സാധ്യത തള്ളികളയാനാവില്ല. ഇനിയും ഒരു ജീവനും പൊലിയാതിരിക്കാന്‍ വേണ്ട സത്വര നടപടികള്‍ അധികൃതര്‍ കൈകൊള്ളണമെന്ന് യാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെട്ടു.
Kerala
കൊച്ചി: മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ അടിപ്പാതകളുടെ നിര്‍മാണം ഇഴയുന്നതില്‍ ഹൈക്കോടതി ഹൈവേ അഥോറിറ്റിയില്‍നിന്ന് റിപ്പോര്‍ട്ട് തേടി. പണി പൂര്‍ത്തിയാക്കേണ്ട സമയപരിധിയടക്കം അറിയിക്കാനാണു നിര്‍ദേശം. കരാര്‍ കമ്പനിയോടും വിശദീകരണം തേടിയിട്ടുണ്ട്.
അറ്റകുറ്റപ്പണി വളരെ സാവധാനമാണു നടക്കുന്നതെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആമ്പല്ലൂരില്‍ 2024 സെപ്റ്റംബറില്‍ തുടങ്ങിയ പണികള്‍ ഇപ്പോഴും പ്രാരംഭദശയില്ത്തന്നെയാണെന്നു കളക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു.
തുര്‍ന്നാണ് കരാറിലെ സമയപരിധി അറിയിക്കാന്‍ ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി. മേനോന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയത്. ഹര്‍ജികള്‍ ഒമ്പതിനു വീണ്ടും പരിഗണിക്കും.
നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കൊരട്ടിയില്‍ ഉള്‍പ്പെടെ ട്രാഫിക് ഗാര്‍ഡുകള്‍ കുറവാണെന്നും കളക്ടര്‍ അധ്യക്ഷനായ മേല്‍നോട്ട സമിതിയുടെ റിപ്പോര്‍ട്ടിലുണ്ട്. ആവശ്യത്തിനു വെളിച്ചവും സിഗ്നലുമില്ല .
ഇതു സംബന്ധിച്ച് ദേശീയപാത അഥോറിറ്റിക്കു നോട്ടീസയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ആകെ 16 ട്രാഫിക് വാര്‍ഡന്മാരാണുള്ളത്.
50 പേരെക്കൂടി ലഭ്യമാക്കാന്‍ സംസ്ഥാന അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു പോരായ്മകളും പരിഹരിക്കുമെന്നും വിശദീകരിച്ചു. ഇക്കാര്യങ്ങള്‍ അടിയന്തരമായി നടപ്പാക്കി, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തുടർന്ന് കോടതി ഹൈവേ അഥോറിറ്റിയോടു നിര്‍ദേശിച്ചു.
Kerala
തിരുവനന്തപുരം: ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനായി കേരളം കേന്ദ്രത്തിന് 5,580 കോടി രൂപ നൽകിയെന്ന് പിണറായി വിജയൻ. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ദേശീയപാതാ പ്രവർത്തനങ്ങൾക്കായി കേന്ദ്രത്തിന് ഫണ്ട് നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ കിഫ്ബി വഴിയാണ് ഈ തുക ദേശീയപാതാ അതോറിറ്റിക്ക് നൽകിയത്. കിഫ്ബിയുടെ കമ്പോള വായ്പ കേരളത്തിന്റെ കടപരിധിയിൽ പെടുത്തുകയാണ് പിന്നീട് കേന്ദ്ര സർക്കാർ ചെയ്തതെന്നും പിണറായി വ്യക്തമാക്കി.
2014ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചുപോയ പ്രവൃത്തി പിന്നീട് 2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ ഏറ്റെടുത്ത് ഇച്ഛാശക്തിയോടെ മുന്നോട്ട് കൊണ്ടുപോയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതിനിടെ പല പ്രതിലോമ ശക്തികളും ദേശീയപാതാ വികസനം അട്ടിമറിക്കാൻ ശ്രമങ്ങൾ നടത്തിയെന്നും അതിലൊന്നും പതറാതെ പൊതുജനപിന്തുണയോടെ സർക്കാർ മുന്നോട്ടുപോയതായും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
Kerala
കാസർഗോഡ്: സർവീസ് റോഡുകളിൽ നിന്ന് പുതിയ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനു ട്രാഫിക് നിയന്ത്രണങ്ങളുണ്ടെന്നും കാൽനടയാത്രക്കാർ ദേശീയപാത മുറിച്ചുകടക്കരുതെന്നും അധികൃതർ പലതവണ മുന്നറിയിപ്പ് നൽകുന്നതാണ്. പക്ഷേ, മനുഷ്യർ തന്നെ പലപ്പോഴും ഇതൊന്നും വകവയ്ക്കാതെ അപകടങ്ങൾ വരുത്തിവയ്ക്കുന്ന കാലത്ത് പോത്തുകളോടു നിയമമോതിയിട്ട് കാര്യമില്ലല്ലോ.
ഇന്നലെ ഉച്ചകഴിഞ്ഞ് കാസർഗോഡിനു സമീപം ഏരിയാലിൽ പുതിയ ദേശീയപാതയിലൂടെ അലസഗമനം നടത്തിയ പോത്തുകൾ മണിക്കൂറുകളോളമാണു ഗതാഗതതടസം സൃഷ്ടിച്ചത്. ഇരുവശങ്ങളിലും പാർശ്വഭിത്തികളുള്ള ദേശീയപാതയിൽനിന്ന് ഇവയെ പുറത്തെത്തിക്കാനും പാടായതിനാൽ നാലു കിലോമീറ്ററോളം ദൂരം അഗ്നിരക്ഷാസേനാംഗങ്ങൾ ഇവയ്ക്കൊപ്പം നടക്കേണ്ടി വന്നു.
ഏരിയാൽ വയലിൽ മേയാൻ വിട്ടിരുന്ന 12 പോത്തുകളടങ്ങിയ കൂട്ടമാണ് ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ പുല്ലുതിന്ന് വയറുനിറഞ്ഞപ്പോൾ ദേശീയപാത സന്ദർശിക്കാനിറങ്ങിയത്. അടുക്കത്ത് വയലിൽനിന്ന് ഏരിയാൽ ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെയാണ് ഇവ ദേശീയപാതയിലേക്കു കയറിയത്.
കയറിക്കഴിഞ്ഞതോടെ പുറത്തുകടക്കാൻ വഴിയില്ലാതെ ഏരിയാലിൽനിന്ന് കാസർഗോഡ് ഭാഗത്തേക്കു നടന്നുനീങ്ങുകയായിരുന്നു. പോത്തുകൾ ദേശീയപാതയിലൂടെ നടന്നുനീങ്ങുന്നതു കണ്ട വഴിയാത്രക്കാരാണു കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി.എൻ.വേണുഗോപാലിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങൾ പോത്തുകളെ പരമാവധി നിയന്ത്രിച്ച് ദേശീയപാതയുടെ ഒരരികിലേക്കു മാറ്റി.
അണങ്കൂരിൽനിന്നു സർവീസ് റോഡിലേക്ക് ഇറക്കിയതിനു ശേഷം അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കു മാറ്റി 12 പോത്തുകളെയും നാട്ടുകാരുടെ സഹായത്തോടെ കെട്ടിയിട്ടതോടെയാണ് എല്ലാവർക്കും ആശ്വാസമായത്. പോത്തുകളെ അശ്രദ്ധമായി അഴിച്ചുവിട്ടതിനു പോലീസ് ഉടമകളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.
Kerala
കൊച്ചി:ദേശീയപാതയിൽ ഗതാഗത ക്രമീകരണം ഉറപ്പാക്കിയ ശേഷം മാത്രമേ ഗർഡർ ഉയർത്തി സ്ഥാപിക്കു എന്ന് തീരുമാനം. അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ അപകടം സംഭവിച്ച പശ്ചാത്തലത്തിലാണ് നടപടി.
അപകടത്തിൽ നിർമാണ കമ്പനിക്ക് വീഴ്ച പറ്റിയതായി ജില്ലാ കളക്ടർ വിളിച്ചുചേർത്ത യോഗം വിലയിരുത്തി. കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയും മേൽനോട്ടത്തോടെയും മാത്രമേ ഇനിയുള്ള നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കൂ എന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു.
ഉയരപ്പാതയിൽ ഗർഡറുകൾ ഉയർത്തി സ്ഥാപിക്കുന്ന സമയത്ത് പോലീസ് സഹായത്തോടെ ഗതാഗത ക്രമീകരണവും വഴി തിരിച്ചു വിടലും ഉൾപ്പെടെ നടത്തിയ ശേഷം മാത്രമേ പ്രവർത്തനങ്ങൾ ആരംഭിക്കാവൂ എന്ന് ജില്ലാ കളക്ടർ ദേശീയപാത അധികൃതർക്ക് കർശന നിർദേശം നൽകി.
ഈ സമയത്ത് വാഹനഗതാഗതം തടയുന്നതിന് കൃത്യമായി ബാരിക്കേഡുകൾ സ്ഥാപിക്കണം. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തികളുടെ ഷെഡ്യൂൾ ഒരാഴ്ച മുൻപ് തന്നെ തയാറാക്കി നിർമാണ കമ്പനി പോലീസിന് നൽകണം. ഇതിനനുസൃതമായി പോലീസ് ഗതാഗത ക്രമീകരണം നടത്തും.
സുരക്ഷാ ഓഡിറ്റിംഗ് നടത്തുന്നതിനുള്ള റൈറ്റ്സ് സംഘം നാളെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തും. അവരുടെ നിർദേശങ്ങൾ അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും.
കൂടാതെ ദേശീയപാത അതോറിറ്റിയിലെ വിദഗ്ധരായ എ.കെ ശ്രീവാസ്തവ,അശോക് കുമാർ മാത്തൂർ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷ പരിശോധന ആരംഭിച്ചതായി ദേശീയപാത അധികൃതർ യോഗത്തെ അറിയിച്ചു.
Kerala
ആലപ്പുഴ: അരൂർ ഗർഡർ അപകടത്തിൽ അടിയന്തര സുരക്ഷാ ഓഡിറ്റിന് നിർദേശം നൽകി ദേശീയപാതാ അതോറിറ്റി. ഇതിനായി റൈറ്റ്സ് ലിമിറ്റഡ് എന്ന കമ്പനിയെ ചുമതലപ്പെടുത്തി.
നിർമാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഐആർസി മാനദണ്ഡങ്ങൾ നിർമാണ കമ്പനി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാൽ കരാർ കമ്പനിയെ നിർമാണ ചുമതലയിൽ നിന്ന് ഒഴിവാക്കും.
അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണ മേഖലയിൽ ചന്തിരൂരിൽ പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണാണ് ഡ്രൈവർ ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷ് മരിച്ചത്. തമിഴ്നാട്ടില്‍ നിന്നും മുട്ട കയറ്റി വന്ന രാജേഷ് എറണാകുളത്ത് ലോഡ് ഇറക്കിയ ശേഷം ആലപ്പുഴയിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്.
വാഹനത്തിന് മുകളിലേക്ക് രണ്ട് ഗർഡറുകളാണ് വീണത്. ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്. ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
Kerala
ആലപ്പുഴ: അരൂർ - തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ ഗതാഗത നിയന്ത്രണം. ഗർഡർ അപകടത്തെ തുടർന്നാണ് ദേശീയപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിടുന്നില്ല.
ഇവിടെനിന്നുള്ള വാഹനങ്ങൾ ചേർത്തല എക്സറെ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴിയാണ് പോകേണ്ടത്. ആലപ്പുഴ ഭാഗത്തേക്കുള്ള വാഹനം അരൂക്കുറ്റി വഴി തിരിഞ്ഞു പോകേണ്ടതാണ്.
ഇന്ന് പുലർച്ചെയോടെയാണ് അരൂർ - തുറവൂർ ഉയരപ്പാത മേഖലയിൽ പിക്കപ് വാനിന് മുകലിലേക്ക് ഗർഡർ വീണ് അപകടം ഉണ്ടായത്. പുലർച്ചെ രണ്ടരയോടെ ഉണ്ടായ അപകടത്തിൽ വാൻ ഡ്രൈവർ ഹരിപ്പാട് സ്വദേശി രാജേഷ് മരിച്ചു. പിക്കപ് വാൻ ഗർഡറിന് അടിയിൽ കിടക്കുകയാണ്.
Kerala
ചാത്തന്നൂർ: ദേശീയപാത 66 ന്റെ കേരളത്തിലെ വിശദമായ പദ്ധതിരേഖയിൽ 15 തവണ മാറ്റം വരുത്തി. റോഡ് നിർമാണം തുടങ്ങിയ ശേഷമാണു മാറ്റങ്ങൾ വരുത്തേണ്ടി വന്നത്. യാതൊരു പഠനവും നടത്താതെ തട്ടിക്കൂട്ടിയ അശാസ്ത്രീയമായ പദ്ധതിരേഖ വച്ചാണ് റോഡ് നിർമാണം നടത്തുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് നിർമാണം തുടങ്ങിയ ശേഷം മാറ്റങ്ങൾ.
റോഡ് കൺവർഷൻ, വിഒപി, എൽവിയുപി, എസ് വിയുപി എന്നിവയുടെ നിർമാണം തുടങ്ങിയവയാണ് വിശദമായ പദ്ധതിരേഖയിൽനിന്നും അധികമായി ചെയ്യേണ്ടി വന്നത്. സ്ഥലങ്ങളുടെ പ്രത്യേകതയോ പ്രദേശങ്ങളുടെ പ്രാധാന്യമോ മനസിലാക്കാതെ സംസ്ഥാന പാതകളിലേയ്ക്കുള്ള വഴികൾപോലും അടച്ചു കൊണ്ടുള്ള നിർമാണ പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ദേശീയപാതവികസനത്തിന്റെ ഭാഗമായി കേരളത്തിൽ കൂടുതൽ അണ്ടർപാസുകളും സ്മാൾ വെഹിക്കുലാർ അണ്ടർപാസുകളും (എസ് വി യു പി )നിർമിക്കാൻ അനുമതി നൽകിയതായും വിശദമായ പദ്ധതി റിപ്പോർട്ടിൽ (ഡിപിആർ) ഉൾപ്പെടാത്ത 15 അധിക നിർമാണങ്ങളുടെയും വിശദാംശങ്ങൾ ദേശീയപാത അഥോറിറ്റി കൊച്ചി പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് (പിഐയു)പി. പ്രവീൺ കുമാർ വിവരാവകാശ ചോദ്യത്തിന് മറുപടിയായി പുറത്തുവിട്ടു.
ചാത്തന്നൂർ സ്വദേശിനി എസ്. ജസിയയ്ക്കു നല്കിയ മറുപടിയിലാണ് ഈ വിവരങ്ങൾ . എൻഎച്ച് 66ന്റെ രാമനാട്ടുകര മുതൽ കൊടുങ്ങല്ലൂർ വരെയുള്ള നാലു റീച്ചുകളിലാണ് മൊത്തം 15 അധിക അണ്ടർപാസുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
Kerala
കൊച്ചി: ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയില്‍ അറ്റകുറ്റപ്പണിയടക്കം പൂര്‍ത്തിയാക്കണമെന്ന മേല്‍നോട്ട സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നു ഹൈക്കോടതി. അടിപ്പാതകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഹൈവേ അഥോറിറ്റിക്കു നിര്‍ദേശം നല്കി.
ടോള്‍ പിരിവ് കഴിഞ്ഞമാസം 17നു പുനഃസ്ഥാപിച്ചെങ്കിലും പാതയില്‍ ഗതാഗതക്കുരുക്ക് തുടരുകയാണെന്നു മേല്‍നോട്ട സമിതി തലവന്‍കൂടിയായ തൃശൂര്‍ ജില്ലാ കളക്ടര്‍ കോടതിയെ അറിയിച്ചു.
ഭൂമി കുഴിക്കുന്ന ജോലികളടക്കം നടക്കുന്നതിനാല്‍ സുരക്ഷാപ്രശ്നങ്ങളുമുണ്ട്. പാര്‍ശ്വഭിത്തികളും ബാരിക്കേഡുകളും വേണ്ടത്ര സ്ഥാപിച്ചിട്ടില്ല. സര്‍വീസ് റോഡുകളില്‍നിന്നുള്ള എന്‍ട്രി പോയിന്റുകളില്‍ റോഡ് തകര്‍ന്നിട്ടുണ്ടെന്നും അറിയിച്ചു.
District News
കൊടുങ്ങൂർ: കൊല്ലം-തേനി ദേശീയപാതയോരത്തെ ദിശാബോർഡുകൾ കഴുകി വൃത്തിയാക്കി വിദ്യാർഥികൾ. പൊടിയും പായാലും പിടിച്ച ബോർഡുകൾ വ്യക്തമല്ലാത്ത സ്ഥിതിയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സേവന പ്രവർത്തനത്തിന് വിദ്യാർഥികൾ തയാറായത്.
ചങ്ങനാശേരി ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിലെ എംഎസ്ഡബ്ല്യു ഒന്നാം വർഷ വിദ്യാർഥികളായ എം. വിവേക്, ക്രിസ്റ്റി കുഞ്ഞുമോൻ, അനറ്റ് വർഗീസ്, ദേവിക സതീഷ്, അതുല്യ അനിൽകുമാർ എന്നിവർ ചേർന്നാണ് ശുചീകരണം നടത്തിയത്.
വാഴൂർ പഞ്ചായത്തിൽ നടത്തിയ ഇന്റേൺഷിപ്പിന്റെ ഭാഗമായാണ് കൊടുങ്ങൂർ മുതൽ ഇളപ്പുങ്കൽകവല വരെയുള്ള ഭാഗത്തെ ദിശാബോർഡുകൾ വൃത്തിയാക്കിയത്.
Kerala
കൊച്ചി: സംസ്ഥാനത്തെ ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ചീഫ് സെക്രട്ടറിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതി. പദ്ധതി ഡയറക്ടര്‍, കരാറുകാരന്, ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം ബന്ധപ്പെട്ടവരെ ഉള്‍പ്പെടുത്തി ചീഫ് സെക്രട്ടറി യോഗം വിളിക്കണമെന്ന് ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഗതാഗതക്കുരുക്ക് പ്രശ്നം ഗുരുതരമായ വിഷയമാണെന്നും പ്രശ്ന പരിഹാരത്തിനു ബന്ധപ്പെട്ടവര്‍ മുന്‍ഗണന നല്‍കണമെന്നും നിര്‍ദേശിച്ച കോടതി തുടര്‍ന്ന് ഹര്‍ജി വീണ്ടും 10 ദിവസത്തിനുശേഷം പരിഗണിക്കാന്‍ മാറ്റി.
ബന്ധപ്പെട്ട ഉദ്യോഗസ്ഥരടങ്ങുന്ന ഉന്നതതല യോഗം നടത്തേണ്ടത് ആവശ്യമാണെന്ന് സര്‍ക്കാരിനു വേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചിരുന്നു. പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിവച്ച് കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒ.ജെ. ജനീഷ് നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കുന്നത് ജനപ്രിയ നടപടിയാണെങ്കിലും ഇതു മൂലം കരാറുകാരനുണ്ടാകുന്ന നഷ്ടം ആരാണു നികത്തുകയെന്നു കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ കളക്ടര്‍ക്ക് നിയമ പ്രകാരം അധികാരമുണ്ടോയെന്നാണു പരിഗണിക്കേണ്ടതെന്നും കോടതി പറഞ്ഞു. കളക്ടറുടെ നടപടി ബിഎന്‍എസ്എസ് പ്രകാരമാണെന്നു സര്‍ക്കാര്‍ അറിയിച്ചു. ടോള്‍ പിരിവ് നിര്‍ത്തുന്നതല്ലാതെ മറ്റു മാര്ഗങ്ങളില്ലേയെന്നും കോടതി ആരാഞ്ഞു.
District News
കണ്ണൂർ ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത വികസന നിർമ്മാണം തണ്ണീർത്തട ആവാസവ്യവസ്ഥയ്ക്ക് കനത്ത ഭീഷണിയാണെന്ന് പുതിയ പഠനം. നിരവധി പ്രധാനപ്പെട്ട തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നശിപ്പിക്കപ്പെടുന്നതായി പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രദേശത്തെ ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും പഠനത്തിൽ പറയുന്നു.
പുഴകളുടെയും തോടുകളുടെയും സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മഴക്കാലത്ത് വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. വെള്ളം ഒഴുകിപ്പോകാനുള്ള ഓടകളും കലുങ്കുകളും പലയിടത്തും അടഞ്ഞുകിടക്കുന്നതും വെള്ളക്കെട്ടിന് ഇടയാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് കാർഷിക മേഖലയ്ക്കും വലിയ നഷ്ടങ്ങളുണ്ടാക്കും.
പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്ന് ദേശീയപാത അതോറിറ്റി അവകാശപ്പെടുന്നുണ്ടെങ്കിലും, പരിസ്ഥിതി സംഘടനകൾ ഈ വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. തണ്ണീർത്തട സംരക്ഷണത്തിനുള്ള നിയമങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാവൂ എന്നും അവർ ആവശ്യപ്പെടുന്നു.